പ്രണയത്തിന്റെ പേരില്‍ കൊടുക്രൂരത: കൈയും കാലും തല്ലിയൊടിച്ചു; ദേഹം മുഴുവന്‍ കത്തികൊണ്ട് കീറി; മൂത്രം കുടിപ്പിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളി

Jaihind Webdesk
Sunday, June 2, 2019

മലപ്പുറം: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം പാതായ്ക്കര സ്വദേശി ചുണ്ടംമ്പറ്റ നാഷിദ്അലി യെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്ങാടിപ്പുറം വലമ്പൂരിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് ഒരു സംഘം ആളുകള്‍ നാഷിദ് അലിയെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. യുവതിയുടെ ബന്ധുക്കള്‍ അടങ്ങുന്ന സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. കൈകാലുകള്‍ അടിച്ച് തകര്‍ത്ത് പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ യുവാവിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ കാണാതായ നാഷിദ് അലിയെ ഉച്ചയോടെ സഹോദരനായ നസറുല്‍ അലി കണ്ടെത്തുകയായിരുന്നു.

റയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഒരു വീട്ടില്‍ കൊണ്ട് പോയി കാലുകള്‍ മേല്‍പ്പോട്ട് കെട്ടി തൂക്കി ശരീരത്തില്‍ കത്തി കൊണ്ട് മുറിപ്പെടുത്തി. കാലിനടിയില്‍ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്‌തെന്നും ആളൊഴിഞ്ഞ മലമുകളില്‍ കൊണ്ട് പോയി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിച്ചതായും യുവാവ് പറഞ്ഞു.
യുവാവിനെ മുമ്പും ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്തുകയും ചെയ്തതായി പറയുന്നു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.