മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റി

Jaihind News Bureau
Sunday, November 3, 2019

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കോടതി 15 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതേസമയം തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയിൽ വച്ച് യുവാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും അലൻ ഷുഹൈബ്, താഹാ ഫൈസൽ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത് എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ലഘുലേഖകളൊന്നും പൊലീസ് പിടിച്ചെടുത്തിട്ടില്ലെന്ന് അറസ്റ്റിലായ അലനും താഹയും മാധ്യമങ്ങളോട് പറഞ്ഞു. സിഗരറ്റ് വലിച്ചു കൊണ്ടിരിക്കവെ പൊലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും സ്റ്റേഷനിൽ നിന്ന് പൊലീസ് മർദ്ദിച്ചെന്നും താഹ ആരോപിച്ചു. ഭരണകൂട ഭീകരതയാണ് ഇതെന്ന് അലനും ആരോപിച്ചു.

അതേസമയം യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്ന സാഹചര്യത്തിലും നടപടിയിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ് പോലീസ്. ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റുകളുമായി യുവാക്കൾക്ക് എത്രത്തോളം അടുപ്പമുണ്ടെന്ന് അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നുമാണ് ഉത്തരമേഖല ഐജി അശോക് യാദവിന്‍റെ വിശദീകരണം.