പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് യുവതിക്ക് ക്രൂര മർദ്ദനം, തറയിലിട്ട് ചവിട്ടി; സംഭവം ഉത്തർപ്രദേശില്‍ | VIDEO

Jaihind Webdesk
Saturday, June 4, 2022

 

ലക്‌നൗ: പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്‍റെ പേരിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും ഭർതൃസഹോദരിമാരും. യുപിയിലെ മഹോബാ ജില്ലയിലാണ് സംഭവം. യുവതിയെ മർദിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

രണ്ട് പെൺകുട്ടികളാണ് യുവതിക്ക്. ഭർത്താവിനും ബന്ധുക്കൾക്കും ആൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം. എന്നാൽ രണ്ടാമതും പെൺകുട്ടിക്ക് ജന്മം നൽകിയതോടെയാണ് പീഡനം വർധിച്ചതെന്ന് യുവതി പറഞ്ഞു. ചില ദിവസങ്ങളിൽ ഭക്ഷണം പോലും നൽകിയിരുന്നില്ല. ഇതിനെതുടർന്ന് കൂലിവേലയ്ക്ക് പോകാൻ ആരംഭിച്ചതായും അവർ പറഞ്ഞു.

രണ്ടു സ്ത്രീകൾ ചേർന്ന് യുവതിയെ മർദിക്കുന്നതാണ് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളിലുള്ളത്. തറയിൽനിന്നും എഴുന്നേറ്റു പോകാൻ ശ്രമിച്ച യുവതിയെ വീണ്ടും ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ത്രീകൾ ചേർന്ന് യുവതിയെ അസഭ്യം പറയുന്നതും യുവതി കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.