പുതിയ സാധാരണത്വത്തിൽ കോപിഷ്ഠരാകുന്ന യുവത

P. Chidambaram
Sunday, January 12, 2020

2020ലെ ഇന്ത്യ കാണപ്പെടുന്നത് 1968 ലെ യുണൈറ്റഡ് സ്റ്റേറ്റ്സിനെപ്പോലെയാണ്. 1968ൽ ഫ്രാൻസിലും സമാനമായ ഒരന്തരീക്ഷമായിരുന്നു. എന്‍റെ ഓർമ അനുസരിച്ചു യു.എസ്.എയിൽ വിയറ്റ്നാം യുദ്ധം കാരണം 1968ൽ സാധാരണ രാഷ്ട്രീയ പ്രവർത്തനം കോളേജുകളിലും സർവകലാശാലകളിലേക്കുമായി മാറിയിരുന്നു. ആ സമയം വടക്കൻ വിയറ്റ്നാമിൽ കമ്യൂണിസ്റ്റുകളുടെ വളർച്ച തടയുന്നതിന് വേണ്ടിയും ജനാധിപത്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയും അമേരിക്ക തെക്കൻ വിയറ്റ്നാമിൽ ഒരു യുദ്ധം നടത്തുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളെ സംരക്ഷിക്കുക എന്ന തത്വത്തിന് ഏറെ പിന്തുണ കിട്ടിയിരുന്നു. ഇത് ഏറ്റവും പ്രകടം യൂറോപ്പിൽ ആയിരുന്നു. അവിടെ രാജ്യങ്ങളെ കമ്യൂണിസ്റ്റ് രാജ്യങ്ങൾ എന്നും ജനാധിപത്യ രാജ്യങ്ങൾ എന്നും വിഭജിച്ചിരുന്നു. വിൻസ്റ്റൺ ചർച്ചിൽ ആ വിഭജന രേഖയെ ഇരുമ്പു കർട്ടൻ എന്നാണ് വിളിച്ചത്.

യു.എസിന് ഒരു കരട് പദ്ധതിയുണ്ടായിരുന്നു, യുവാക്കൾക്ക് സൈനിക സേവനം നടത്തേണ്ടി വരികയും വിയറ്റ്നാം യുദ്ധത്തിന്‍റെ ആദ്യ കാലങ്ങളിൽ സന്നദ്ധ സൈനിക സേവനം നടത്താൻ നിരവധി യുവാക്കൾ തയാറായി വന്നു. യുദ്ധം നീണ്ടുപോയപ്പോൾ തുടർന്ന് വന്ന ഗവൺമെന്‍റുകളുടെ നുണകൾ വെളിപ്പെടുകയും പിന്തുണ കാലക്രമേണ അവിശ്വാസത്തിലേക്കും സംശയത്തിലേക്കും തുടർന്ന് എതിർപ്പിലേക്കും വഴി മാറുകയും ചെയ്തു. യു.എസ് കോൺഗ്രസിലെ പ്രതിനിധികൾ കാര്യങ്ങൾ മനസ്സിലാക്കിയപ്പോഴേക്കും താമസിച്ചു പോയിരുന്നു. അപ്പോഴേക്കും തുടർന്ന് വന്ന ഭരണകൂടങ്ങൾ ശക്തമായി യുദ്ധത്തെ ന്യായീകരിക്കുകയായിരുന്നു. കെന്നഡി യുടെയും ജോൺസന്‍റെയും നിക്സന്‍റെയും ഗവൺമെന്‍റുകളുടെ പല്ലവി ഒന്ന് തന്നെയായിരുന്നു; വിജയം ഒരു യുദ്ധത്തിന്‍റെ ദൂരത്തിൽ മാത്രമാണ്. അതിശയകരമെന്നു പറയട്ടെ തീർത്തും കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്ന നിക്സൺ ഗവൺമെന്‍റ് ആണ് തങ്ങൾ പൊരുതിയിരുന്നത് പ്രതീക്ഷയില്ലാത്തതും ജയിക്കാനാവാത്തതുമായ ഒരു യുദ്ധമാണെന്ന് മനസിലാക്കി അതിൽ നിന്ന് പിന്മാറിയത്.

ഏറെ വലിയ തെറ്റ്

ഇന്ന് നമ്മുടെ കാമ്പസുകളിലും സർവകലാശാലകളിലും നടക്കുന്ന കലാപത്തിന് 1968ൽ യു.എസിൽ നടന്ന സംഭവങ്ങളോട് ശ്രദ്ധേയമായ സാമ്യമുണ്ട്. ഈ രാജ്യം ഭരിക്കപ്പെടുന്ന രീതിയിൽ അങ്ങേയറ്റം തെറ്റുണ്ടെന്ന് യുവജനങ്ങളും വിദ്യാർത്ഥികളും തിരിച്ചറിഞ്ഞിരിക്കുകയാണ്. സംശയാസ്പദമായ യോഗ്യതയുള്ള വൈസ് ചാൻസലർമാരെ നിയമിക്കുക, ഗവർണർ, ചാൻസലർ തുടങ്ങിയവരുടെ അനാവശ്യമായ ഇടപെടലുകൾ, വികലമായ അധ്യാപക നിയമനം, പരീക്ഷ നടത്തിപ്പിലെ കെടുകാര്യസ്ഥത, വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണം, ഫീസ് വർധന തുടങ്ങിയവ നടന്നുതുടങ്ങിയിരിക്കുന്നു. ചില സർവകലാശാലാ ഭരണസംവിധാനങ്ങൾ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുകയും ചില വിദ്യാർത്ഥി സംഘടനകളെ പ്രകടമായി പിന്തുണച്ച് വിദ്യാർത്ഥി സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഉദാഹരണത്തിന് ജെ.എൻ.യുവിലെ ഭരണസംവിധാനം പ്രകടമായി ബി.ജെ.പി യുടെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയെ പിന്തുണക്കുകയും അത് വിദ്യാർത്ഥി സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. എതിർപ്പിന്‍റെ ശബ്ദങ്ങളെ ‘തുകടെ തുകടെ’ എന്ന് കൂട്ടമായി മുദ്ര കുത്തുകയും പല വിദ്യാർത്ഥി നേതാക്കൾക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കുകയും ചെയ്തു.

സർവകലാശാലകളിലെ പുതിയ സാധാരണത്വത്തെപ്പോലെ തന്നെ ഭയപ്പെടുത്തുന്നതാണ് രാജ്യത്തേതും. ഓരോ ദിവസവും ബലാത്കാരത്തിന്‍റെയും ആൾക്കൂട്ടക്കൊലപാതകത്തിന്‍റെയും പീഡനത്തിന്‍റെയും സ്വേച്ഛാപരമായ അറസ്റ്റുകളുടെയും ഭയപ്പെടുത്തുന്ന കഥകളാണ് പുറത്തു വരുന്നത്. രാജ്യത്തിന്‍റെ വളർച്ചയെയും വികസനത്തെയും തൊഴിലുകളെയും കുറിച്ചുള്ള നുണപ്രചരണങ്ങൾ തൊഴിലുകളെക്കുറിച്ചു സംശയാലുക്കളായ യുവാക്കളെ കൂടുതൽ കോപിഷ്ഠരാക്കുന്നു. . ഈ പുതിയ സാധാരണതകളെ നയിക്കുന്നതും സാധൂകരിക്കുന്നതുമായ ശക്തി ഗവൺമെന്‍റിന്‍റെ ഭൂരിപക്ഷ ധാർഷ്ട്യമാണെന്നും അത് അസഹിഷ്ണുത, മറ്റ് വിശ്വാസങ്ങളോടുള്ള നിന്ദ, ക്രമാസമാധാനന പാലനത്തോടുള്ള കടുത്ത സമീപനം, സെൻസർഷിപ് തുടങ്ങിയ നിയന്ത്രണങ്ങൾ, കൃത്യമായ ആരോപണങ്ങളില്ലാതെ ദീർഘകാലം തടങ്ങളിൽ വെക്കല്‍, പ്രതിലോപകരമായ തത്വസംഹിതകൾ അടിച്ചേൽപ്പിക്കൽ (ജാതി മത വിശ്വാസങ്ങൾക്കതീതമായ വിവാഹങ്ങൾ അനുവദിക്കില്ല തുടങ്ങി…) തുടങ്ങിയവയിലൂടെയാണ് പ്രകടമാകുന്നതെന്നും വിദ്യാർഥികൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

ഇടപഴകാനുള്ള വൈമുഖ്യം

പ്രതിപക്ഷവുമായി ഇടപഴകാനുള്ള ഗവൺമെന്‍റിന്‍റെ വൈമുഖ്യത്തിലൂടെയും വിവാദ നിയമങ്ങൾ പാർലമെന്‍റിൽ തിടുക്കത്തിൽ പാസാക്കിയതിലൂടെയുമാണ് രാഷ്ട്രീയ രംഗത്തെ ഭരണകൂട ധാർഷ്ട്യം പ്രകടമായത്. താഴെ പറയുന്നത് ഒരുദാഹരണമാണ്:

ഭരണഘടനയുടെ അഞ്ചു മുതൽ പതിനൊന്ന് വരെ യുള്ള അനുച്ഛേദങ്ങൾ പൗരത്വത്തെക്കുറിച്ചുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് മൂന്ന് മാസങ്ങളോളം ഭരണഘടനാ നിർമാണ സഭ ഇവയെക്കുറിച്ച് ചർച്ച നടത്തി. ഇതിനു വിരുദ്ധമായി, പൗരത്വ ഭേദഗതി ബിൽ 2019 ഡിസംബർ എട്ട്, 2019 ന് ക്യാബിനറ്റ് അംഗീകരിക്കുകയും പാർലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കി ഡിസംബർ 11 ന് നിയമമായി വിജ്ഞാപനം ചെയ്യുകയും ചെയ്തു; ഇതെല്ലാം നടന്നത് 72 മണിക്കൂറുകൾക്കുള്ളിലാണ്.

ഈ സാഹചര്യത്തിൽ, നിലപാടുകളിൽ അസാധാരണമായ മലക്കം മറിച്ചിൽ നടത്തിയ ചില രാഷ്ട്രീയ പാർട്ടികളേക്കാൾ, രാജ്യവും ഭരണഘടനയും നേരിടുന്ന യഥാർത്ഥ ഭീഷണിക്കെതിരെ ഉണർന്ന് പ്രവർത്തിച്ചത് യുവജനങ്ങളും വിദ്യാർത്ഥികളുമാണ്. ഭൂരിപക്ഷ ധാർഷ്ട്യവും അനുബന്ധ നടപടികളും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്നും അതിലുപരി ഇന്ത്യയെ വിഭജിക്കുമെന്നും ഇന്ത്യക്കാരെ തമ്മിലടിപ്പിക്കുമെന്നും അവർ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ചില പൗരന്മാർ അവകാശങ്ങളുടെയും വിശേഷാധികാരങ്ങളുടെയും അവസരങ്ങളുടെയും കാര്യത്തിൽ മറ്റുള്ളവർക്കൊപ്പമല്ലാതെ താഴ്ന്നു നിൽക്കേണ്ടി വരും. അത് 70 വർഷങ്ങൾ മുമ്പുള്ള ഇന്ത്യയിലേക്കുള്ള വിപത്കരമായ ഒരു തിരിച്ചു പോക്കും സ്വാതന്ത്ര്യത്തിന് ശേഷമുള്ള നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കലും ആകും.

പൗരത്വ ഭേദഗതി നിയമം നമ്മുടെ പുതിയ തലമുറയുടെ നിസംഗതാ മനോഭാവത്തിലാണ് തുളച്ചു കയറിയത്. പഴയ തലമുറയെ ലജ്ജിതരാകുന്നതാണ് ഇത്. പ്രക്ഷോഭങ്ങൾക്കായി, മാർച്ചുകൾക്കായി, മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധങ്ങൾക്കായി, ദേശീയ പതാകയുമേന്തി, ഭരണഘടനയുടെ ആമുഖം വായിച്ച് അതിലെ അമൂർത്തവും എന്നാൽ സ്ഥായിയുമായ തത്ത്വങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി ആയിരക്കണക്കിന് യുവതീയുവാക്കളാണ് നമ്മുടെ നിരത്തുകളിലേക്കൊഴുകിയെത്തിയത്.

പ്രതീക്ഷിച്ച പോലെ ഭരണവർഗം അന്ധമായ ദേഷ്യത്തോടെയും ആക്രോശത്തോടെയും നിസാരതയോടെയുമാണ് ഇതിനോട് പ്രതികരിക്കുന്നത്. പക്ഷേ അവർക്ക് പരിഭ്രമമുണ്ട്.
തങ്ങൾ CAA യിൽ നിന്നും ഒരിഞ്ചു പോലും പിറകോട്ടില്ല എന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിക്ക് അനുവാദം നൽകി. ഇവിടെ തടുക്കാനാവാത്ത ഒരു ശക്തിയും നീക്കാനാവാത്ത തടസവുമുള്ളതായാണ് കാണാൻ കഴിയുന്നത്. പക്ഷേ, ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും വഴങ്ങിയേ പറ്റൂ. അല്ലെങ്കിൽ അത് ഇന്ത്യയുടെ ഭാവിയേയും വിധിയേയും തൂക്കിലേറ്റും. ഇത് പുതിയ വർഷത്തിന് അസന്തുഷ്ടമായ ഒരു തുടക്കമാണ്.