ബിജെപിക്ക് 8 തവണ വോട്ട് ചെയ്ത് യുവാവ്, വീഡിയോ പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതൊക്കെ കാണുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്, നടപടി വേണമെന്ന് ആവശ്യം

 

ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത് യുവാവ്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി സ്ഥാനാർത്ഥിയായ മുകേഷ് രാജ്പുത്തിന് 8 തവണ വോട്ടു ചെയ്യുന്ന യുവാവിന്‍റെ 2 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് നിഷ്പക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയർത്തുന്നത്.

ഉത്തർപ്രദേശിലെ ഫാറുഖാബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് മുകേഷ് രാജ്പുത്ത്. നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.

‘‘പ്രിയ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? ഒരാൾ തന്നെ എട്ടു തവണ വോട്ടു ചെയ്യുന്നു. നിങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’’ – കോൺഗ്രസ് തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു.

തങ്ങളുടെ പരാജയം മുന്നിൽ കണ്ടുകൊണ്ട് ജനവിധി നിഷേധിക്കാൻ സർക്കാർ സംവിധാനത്തിൽ സമ്മർദ്ദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥരും അധികാരത്തിന്‍റെ സമ്മർദ്ദത്തിന് മുന്നിൽ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. അല്ലാത്ത പക്ഷം ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമ്പോള്‍ ‘ഭരണഘടനയുടെ സത്യപ്രതിജ്ഞ’യെ അപമാനിക്കുന്നവർ 10 തവണ ചിന്തിക്കുന്ന തരത്തിലുള്ള നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഇതേ വീഡിയോ പങ്കുവെച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ‘‘ഈ ചെയ്യുന്നത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു തോന്നുന്നുണ്ടെങ്കിൽ, അവർ തീർച്ചയായും ഉചിതമായ നടപടി കൈക്കൊള്ളണം. അങ്ങനെ തോന്നുന്നില്ലെങ്കിൽ…’’ – അഖിലേഷ് കുറിച്ചു. അതേസമയം വിവാദ വീഡിയോ സംബന്ധിച്ച് പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായിട്ടില്ല.

 

 

Comments (0)
Add Comment