‘നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും’ കൊലപാതകത്തിന് മുമ്പ് പ്രതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ; ഗൂഢാലോചന പുറത്ത്

 

കണ്ണൂർ : പാനൂരിൽ ലീഗ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ‌ പുറത്ത്. ലീഗ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ വാട്സാപ് സ്റ്റാറ്റസാണ് പുറത്തുവന്നത്. ‘ഈ ദിവസം ലീഗുകാർ വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസിൽ പറഞ്ഞിരുന്നത്. കൂത്തുപറമ്പിൽ ഇന്നലെ നടന്ന ലീഗ് – സി.പി.എം സംഘർഷത്തിന് തൊട്ടുമുമ്പായിരുന്നു പ്രതിയുടെ സ്റ്റാറ്റസ്. പൊലീസിനെ അറിയിച്ചിട്ടും സംഭവത്തിൽ നടപടി ഒന്നും ഉണ്ടായില്ലെന്ന് ലീഗ് പ്രവർത്തകർ പറയുന്നു.

പാനൂരിലേത് സി.പി.എം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ലീഗ് പ്രവര്‍ത്തകനും മന്‍സൂറിന്‍റെ അയല്‍ക്കാരനുമായ നജാഫ് ആരോപിച്ചു. രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായതായും നജാഫ് പറയുന്നു. വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു. രാവിലത്തെ പ്രശ്‌നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്‍റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.

ലീഗ് പ്രവർത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പിലെ 149ാം ബൂത്തിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Comments (0)
Add Comment