ന്യൂഡല്‍ഹി: സംവാദത്തിന് തയാറുണ്ടോ എന്ന കേന്ദ്ര മന്ത്രിയും അമേത്തിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കോൺഗ്രസ്. സ്മൃതി ഇറാനി തീരുമാനിക്കുന്ന വേദിയിൽ സംവാദത്തിന് തയാറാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം സുപ്രിയ ശ്രിനേറ്റ് വ്യക്തമാക്കി. സ്മൃതി ഇറാനിയുമായി സംവാദത്തിന് രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വരേണ്ട കാര്യമില്ലെന്നും തന്‍റെ വെല്ലുവിളി ഏറ്റെടുക്കാനും സുപ്രിയ എക്‌സിൽ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
“എന്നോടൊപ്പം ഒരു സംവാദത്തിന് ഞാൻ നിങ്ങളെ (സ്മൃതി ഇറാനി) വെല്ലുവിളിക്കുന്നു. സ്ഥലം നിങ്ങളുടേതാണ്, ദിവസം നിങ്ങളുടേതാണ്, ആങ്കർ നിങ്ങളുടേതാണ്, വിഷയവും നിങ്ങളുടേതാണ്. നിങ്ങൾക്ക് ധൈര്യമുണ്ടോ? കോൺഗ്രസിന്‍റെ ഉന്നത നേതൃത്വത്തോട് സംസാരിക്കാനുള്ള ത്രാണി താങ്കൾക്കില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിന്‍റെ ഭാഗമായുള്ള നിങ്ങളുടെ ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിച്ച് വെല്ലുവിളി സ്വീകരിക്കുക” – സുപ്രിയ ശ്രിനേറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും സംവാദത്തിന് തയാറുണ്ടോ എന്ന സ്മൃതി ഇറാനിയുടെ ചോദ്യം. ഇതിനാണ് സുപ്രിയ ശ്രിനാറ്റെ മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഭാവന വളരെയധികം ഉപയോഗിക്കുകയാണെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കാൻ ധൈര്യമുണ്ടോയെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചിരുന്നു.