60 പേര്‍ കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍

Jaihind Webdesk
Monday, January 28, 2019

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. 2013ല്‍ മുസാഫര്‍നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബി.ജെ.പി എം.പിമാരായ സഞ്ജീവ് ബില്യാണ്‍, ഭാരതേന്ദ്രസിങ്, എം.എല്‍.എമാരായ സോം, ഉന്‍മേഷ് മാലിക് തുടങ്ങിയവര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ ഭരണകൂടത്തിനു നല്‍കി. അറുപത് പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. കലാപശ്രമം, ആയുധങ്ങള്‍ ദുരുപയോഗം ചെയ്യല്‍, കവര്‍ച്ചാശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.