ഒഴിഞ്ഞ പച്ചക്കസേരകള്‍ക്ക് മുന്നില്‍ ആവേശമില്ലാതെ യോഗിയുടെ യോഗം

Jaihind Webdesk
Friday, February 15, 2019

Yogi-Adityanath-PTA

ശബരിമല വിഷയത്തിലൂന്നി ജനഹൃദയങ്ങളെ ആവേശം കൊള്ളിച്ച് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തിക്കയറിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നിലെ ഭൂരിപക്ഷം കാഴ്ചക്കാരും ഒഴിഞ്ഞ കസേരകളായിരുന്നു. പത്തനംതിട്ടയില്‍ ബിജെപി ബൂത്ത് പ്രവര്‍ത്തകരുടെ പൊതുയോഗത്തില്‍ പ്രസംഗിക്കാനാണ് യോഗി എത്തിയത്. പ്രവര്‍ത്തകരെ പ്രതീക്ഷിച്ച് കസേരകളും ബിജെപി നേതൃത്വം ഒരുക്കിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പോലും എത്താതിരുന്ന പൊതുസമ്മേളനത്തില്‍ നൂറ് കണക്കിന് കസേരകളാണ് ഒഴിഞ്ഞു കിടന്നത്.

എങ്കിലും ‘ആവേശം’ തെല്ലും ചോരാതെ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെയും മറ്റും വിമര്‍ശിച്ച് ‘തീപ്പൊരി’ പ്രസംഗം കാഴ്ചവച്ചു. ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അയോധ്യ വിഷയത്തില്‍ കാലങ്ങളായി തുടരുന്നത് പോലെയുള്ള സമരമാണ് ശബരിമലയിലും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ വിശ്വാസികളുടെ വിശ്വാസം തകർക്കാനാണ് കേരള സർക്കാരിന്‍റെ ശ്രമമെന്നും എല്ലാവരേയും കള്ളക്കേസിൽ കുടുക്കുകയാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

യോഗത്തിന് ആളെത്താതിരുന്നത് ജില്ലാ-സംസ്ഥാന നേതൃത്വങ്ങളെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ ഘട്ടത്തില്‍, ശബരിമല സംഭവത്തില്‍ പാര്‍ട്ടിയ്ക്ക് അനുകൂല തരംഗമാണ് സംസ്ഥാനത്തുടനീളമെന്നും ഇതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപകരിക്കണമെന്നും നേതാക്കന്മാര്‍ ആഹ്വാനം ചെയ്യുമ്പോഴും അണികള്‍ പോലും തിരിഞ്ഞു നോക്കാത്ത പൊതുസമ്മേളനം നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.[yop_poll id=2]