അയോധ്യ കേസില്‍ സുപ്രീം കോടതിയെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

Jaihind Webdesk
Saturday, January 26, 2019

അയോധ്യ ഭൂമി കേസില്‍ തീര്‍പ്പ് വൈകുന്നതില്‍ സുപ്രീം കോടതിയെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സുപ്രീം കോടതിക്ക് പറ്റുന്നില്ലെങ്കില്‍ കേസ് തങ്ങള്‍ക്ക് വിട്ടുതരൂ, 24 മണിക്കൂറിനകം തീര്‍പ്പുണ്ടാക്കാം, ഒരു മണിക്കൂര്‍ പോലും ഞങ്ങള്‍ക്ക് അധികം വേണ്ടിവരില്ല’ എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നാവാശ്യപ്പെട്ട് ആര്‍.എസ്.എസിന്‍റെയും സംഘപരിവാറിന്‍റെയും നേതാക്കള്‍ ആവര്‍ത്തിച്ച് സമ്മര്‍ദം ചെലുത്തുന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെയും പ്രസ്താവന. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.

ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന്  ആര്‍എസ്എസ്-സംഘപരിവാര്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതി വിധി വന്നത് ശേഷം മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നകാര്യത്തില്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയുള്ളൂ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

കോടതികളെ വെല്ലുവിളിക്കുന്നതും സമ്മര്‍ദത്തിലാക്കുന്നതുമായ പ്രസ്താവനകളാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും ഉന്നതനേതാക്കള്‍ നടത്തുന്നത്. അമിത്ഷാ കേരളത്തില്‍ വന്നപ്പോള്‍ ശബരിമലയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കോടതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിരുന്നു. ഭൂരിപക്ഷത്തിന് അംഗീകരിക്കാവുന്നതും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതുമായി വിധികള്‍ മാത്രമേ കോടതില്‍ പുറപ്പെടുവിക്കാന്‍ കഴിയൂ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇത്തരത്തില്‍ കോടതികളെ വെല്ലുവിളിക്കുന്ന നേതാക്കളുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ യോഗി ആദിത്യനാഥിന്‍റ പുതിയ പരാമര്‍ശം.