സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Jaihind Webdesk
Sunday, December 5, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മിന്നലോട് കൂടിയ മഴയ്ക്കും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10വരെയാണു മിന്നലിനുള്ള സാധ്യത കൂടുതൽ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ബംഗാൾ ഉൾക്കടലിലെ ‘ജവാദ്’ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെതുടർന്ന് വടക്കൻ ആന്ധ്രാപ്രദേശ്–ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഒഡീഷയിലെ പുരി തീരത്തു അതിതീവ്ര ന്യൂനമർദമായി എത്തും. തുടർന്ന് ശക്തി കുറഞ്ഞ്, ഒഡീഷ–ബംഗാൾ തീരത്തേക്കു നീങ്ങുമെന്നാണു പ്രവചനം. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിൽ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നായി അരലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. ബംഗാളിൽ സൗത്ത് 24 പർഗാനാസ്, വെസ്റ്റ് മിഡ്നാപുർ ജില്ലകളുടെ തീരങ്ങളിൽനിന്നും ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു.