കെ റെയിലില്‍ പിണറായിയെ തിരുത്തി യെച്ചൂരി : ‘സാമൂഹികാഘാത പഠന റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം’

Jaihind Webdesk
Wednesday, April 6, 2022

കണ്ണൂർ : സില്‍വർ ലൈനില്‍ പിണറായി വിജയന്‍റെ നിലപാടിന് തിരുത്തുമായി  സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  സാമൂഹികാഘാത പഠനം എതിരായാലും സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് യെച്ചൂരി തിരുത്തിയത്.  പഠന ഫലം പുറത്തുവരുന്നതു വരെ കാത്തിരിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ നിലപാട്. ഇതോടെ പദ്ധതിയുടെ പേരിൽ കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങളിലെ ഭിന്നസ്വരം വ്യക്തമായി.

പദ്ധതിയോടു പ്രധാനമന്ത്രി അനുഭാവപൂർണമായ നിലപാടാണു സ്വീകരിച്ചതെന്നും സാമൂഹികാഘാത പഠനം എതിരായാലും പദ്ധതി ഉപേക്ഷിക്കില്ലെന്നുമാണു ഡൽഹിയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ്, സർവേയുടെ ഫലം വരുന്നതു വരെ കാത്തിരിക്കണമെന്നു യച്ചൂരി മറുവാദമുന്നയിച്ചത്. കേന്ദ്ര ധനമന്ത്രാലയം നടത്തുന്ന പഠനത്തിന്‍റെ ഫലവും വരാനുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന യച്ചൂരിയുടെ നിലപാട് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെയും ഇടതു സഹയാത്രികരുടെയും അഭിപ്രായങ്ങൾക്കു ശക്തി പകരുന്നതാണ്.