വലിയ വേദി, സത്യപ്രതിജ്ഞയ്ക്ക് അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാം ; വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്

Jaihind Webdesk
Thursday, May 20, 2021

 

തിരുവനന്തപുരം : വിവാഹച്ചടങ്ങില്‍  500 പേരെ പങ്കെടുപ്പിക്കാൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ്   മുട്ടപ്പലം സജിത്താണ് തന്റെ  വിവാഹച്ചടങ്ങുകളിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനില്‍ അപേക്ഷ നൽകിയത്.

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിച്ചു വിവാഹച്ചടങ്ങുകൾ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണു വിവാഹവേദി. ജൂൺ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിനു കൈമാറിയ അപേക്ഷയിലുണ്ട്.

സാമൂഹിക അകലം പാലിച്ചു ക്ഷണിതാക്കൾക്ക് ഇരിക്കാൻ തരത്തിലുള്ള പന്തൽ ക്ഷേത്രമൈതാനത്തു കെട്ടി കൊവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂർണമായി പാലിക്കുമെന്നും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമുള്ള അവകാശങ്ങൾ ഗ്രാമപഞ്ചായത്തു ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നും‍  സജിത്ത് പറയുന്നു. അതേസമയം അപേക്ഷയിൽ ഉന്നത പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് എസ്ഐയുടെ നിലപാട്.