കണ്ണൂരില്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചത് സന്നദ്ധപ്രവര്‍ത്തകരെ; ഭക്ഷണമെത്തിക്കാന്‍ വന്നവരേയും ‘ശിക്ഷിച്ചു’

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന പേരില്‍ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചത് സന്നദ്ധപ്രവര്‍ത്തകരെ. ഇവര്‍ പ്രദേശത്ത് ഭക്ഷണമെത്തിക്കാന്‍ വന്നതായിരുന്നുവെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിട്ടും ഇവരെകൊണ്ട് നൂറ് തവണ ഏത്തമിടീക്കുകയായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

സർക്കാർ നിർദ്ദേശങ്ങൾ  പാലിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന്  സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന്   ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. എസ് പി യുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്.  ഒരു  സാഹചര്യത്തിലും  പോലീസ് നിയമം ലംഘിക്കരുതെന്ന്  ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ് പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി  ശിക്ഷ വിധിക്കുന്ന  കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്.  നിയമം കർശനമായി നടപ്പിലാക്കണം.  എന്നാൽ   ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ  പോലീസിന് അധികാരമില്ല.  വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

Comments (0)
Add Comment