മദ്യത്തില്‍ മുങ്ങി കേരളം; ക്രിസ്മസ്-പുതുവത്സരകാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന

webdesk
Monday, January 7, 2019

സംസ്ഥാനത്ത് ക്രിസ്മസിനും, പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യ വില്‍പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ബിവറേജസ് കോര്‍പറേഷന്‍റെ വരുമാനത്തിൽ ഇത്തവണ ഉണ്ടായത് 34 കോടിയുടെ വര്‍ധനവ്. ക്രിസ്മസിന് നെടുമ്പാശേരിയും പുതുവത്സരത്തിന് പാലാരിവട്ടവുമാണ് മദ്യ വിൽപനയിൽ ഒന്നാമത്.

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ച് തീർത്തത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 480.67 കോടി രൂപ ആയിരുന്നു. ക്രിസ്മസിന്‍റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു.

ക്രിസ്മസ് ദിനത്തിലും വില്‍പന മോശമായില്ല. 40.6 കോടി രൂപയുടെ മദ്യം ചിലവായി. ഡിസംബര്‍ 31ന് 78.77 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ മുന്‍വർഷത്തെ 61.7 കോടി പഴങ്കഥയായി. ക്രിസ്മസ് തലേന്ന് നെടുമ്പാശേരിയിലെ ഔട്ട്ലെറ്റിലാണ് ഏറ്റവുമധികം വില്‍പന നടന്നത്. 51.3 ലക്ഷം രൂപയുടെ വില്‍പന. പുതുവര്‍ഷത്തലേന്ന് പാലാരിവട്ടത്തെ ഔട്ട്ലെറ്റ് 73.53 ലക്ഷം രൂപയുമായി വില്‍പനയില്‍ മുന്നിലെത്തി. അതേസമയം ഇത്തവണ വിദേശ നിര്‍മിത വിദേശമദ്യം ബിവറേജസ് കോര്‍പറേഷന്‍ വില്‍പനയ്ക്കെത്തിച്ചെങ്കിലും ആവശ്യക്കാർ കുറവായിരുന്നു.[yop_poll id=2]