ഇന്ന് ലോക മാതൃദിനം. ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും. അമേരിക്കയിലാണ് മാതൃദിനം ആദ്യമായി ആഘോഷിച്ചത്. അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. 1908 മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ അന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അന്ന് ആ ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ സെന്‍റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്. തന്‍റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള അമ്മയുടെ സമർപ്പണത്തിനും ത്യാഗത്തിനും ആദരാഞ്ജലി അർപ്പിക്കുക എന്നതായിരുന്നു അന്ന ജാർവിസിന്‍റെ ലക്ഷ്യം. അന്ന ജാർവിസിന്‍റെ ശ്രമങ്ങൾ 1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുന്നതിലേക്ക് നയിച്ചു. അതിനുശേഷം, മാതൃദിനം ലോകമെമ്പാടും ആഘോഷിക്കാന്‍ തുടങ്ങി.
അമേരിക്കന്‍ പ്രസിഡന്‍റ് വുഡ്രോ വിൽസനാണ് മാതൃദിനത്തെ ഔദ്യോഗികമാക്കിയത്. 110 വര്‍ഷമായി ലോകം മാതൃദിനത്തിന്‍റെ സ്നേഹം ഉൾക്കൊള്ളുന്നുണ്ട്. ജന്മം നൽകിയ മാതാവിനെയും മാതൃത്വത്തെയും ആദരിക്കുന്ന അസുലഭ സന്ദർഭമാണിത്. ഈ ഒരു പ്രത്യേക ദിവസം കൊണ്ട് അമ്മയോടുള്ള സ്നേഹവും ഓർമകളും ഒന്നും അവസാനിക്കുന്നതല്ല. ഒരു കുഞ്ഞ് ജനിക്കുന്നത് മുതല്‍ അമ്മയുടെ കരുണയും വാത്സല്യവും എല്ലാം ജനിക്കും. അമ്മമാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിനം. അമ്മമാരുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും അർപ്പണബോധത്തെയും ഓർമിക്കുന്ന ഒരു പ്രത്യേകം ദിവസമാണ് ഇന്ന്. അമ്മമാരുടെ നിരുപാധികമായ സ്‌നേഹത്തെ ആദരിക്കാനും ആഘോഷിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. അമ്മ എന്ന രണ്ടക്ഷരത്തിന് നന്ദി പറയാന്‍ കേവലം ഒരു ദിവസം പോരാതെ വരും. ഈ നല്ല ദിനത്തില്‍ എല്ലാ അമ്മമാരെയും നമുക്ക് സ്‌നേഹത്തോടെ ഓര്‍ക്കാം. എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്‍റെ ആശംസകള്‍ നേരാം.