പാഴ്സലില്‍ പാമ്പും പഴുതാരയും, കുഞ്ഞുങ്ങള്‍ക്ക് പുഴുവരിച്ച ഭക്ഷണം: ഓർമ്മപ്പെടുത്തലായി ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

Jaihind Webdesk
Tuesday, June 7, 2022

 

ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം. രാജ്യവും സംസ്ഥാനവും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടുകയാണ്. സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടക്കുന്നുവെങ്കിലും വൃത്തിഹീനമായ ഭക്ഷണവിതരണവും, ഹോട്ടലുകളിലെ മോശം സാഹചര്യവും സംസ്ഥാനത്ത് തുടർക്കഥയാകുന്നു. റെയ്ഡുകൾ പോലും പ്രഹസനമാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിലെ ഒരു ഹോട്ടലിൽ നിന്ന് പൊറോട്ട പൊതിഞ്ഞു നൽകിയ പാഴ്‌സലിൽ കിട്ടിയത് പാമ്പിന്‍റെ അവശിഷ്ടം. അന്നായിരുന്നു സത്യത്തിൽ മന്ത്രി വീണാ ജോർജിന്‍റെ കണ്ണ് തുറന്നത്. അതിനു ശേഷം സംസ്ഥാനത്ത് നിരവധി റെയ്ഡുകൾ, ഹോട്ടലുകൾക്കെതിരെ നടപടി. വൃത്തിഹീനമായ മത്സ്യങ്ങൾ, ഭക്ഷണങ്ങൾ എന്നിവ കുഴിച്ചു മൂടുന്നു.

എന്നാൽ ഭക്ഷ്യസുരക്ഷാ റെയ്ഡുകൾ നടക്കുമ്പോഴും മാറ്റമില്ലാതെ ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ചകളാണ് സംസ്ഥാനത് പലയിടത്തും ഇന്നും ദൃശ്യമാകുന്നത്. എന്തിനേറെപ്പറയുന്നു, സംസ്ഥാനത്തെ അങ്കണവാടികളിൽ കുഞ്ഞുങ്ങള്‍ക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽപ്പോലും ഗുണമേന്മ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിനോ ബന്ധപ്പെട്ട വകുപ്പിനോ ഉദ്യോഗസ്ഥർക്കോ സാധിക്കുന്നില്ല. അതിന്‍റെ ഇരയാകുന്നതോ പിഞ്ചു കുഞ്ഞുങ്ങളും. പരിശോധന ശക്തമാക്കുമെന്ന് പറയുമ്പോഴും, പരിശോധിച്ച് നടപടിക്ക് അധികാരമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആളില്ലാത്തതാണ് പ്രധാന തടസം. പരിശോധിക്കാൻ സംവിധാനമുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരാകട്ടെ പരിശോധിക്കാനല്ലാതെ നടപടിക്ക് അധികാരമില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ്.

സംസ്ഥാനത്ത് ലൈസൻസെടുത്ത 91,000 സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലുള്ളത്. എന്നാൽ രജിസ്‌ട്രേഷൻ മാത്രമുള്ള 5,87,364 സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം, നിയമസഭാ മണ്ഡലത്തിൽ ഒരു ഓഫീസ് മാത്രമുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നോക്കിയാല്‍ എത്തില്ലെന്ന് ഉറപ്പാണ്. എന്നാൽ ഓരോ പഞ്ചായത്തുകളിൽപ്പോലും ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും നാല് ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറും ഉൾപ്പടെ അഞ്ച് പേരുള്ള സംവിധാനമുണ്ട്. എന്നിട്ടും ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ചകൾ തുടരുന്നതിന് കാരണം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നടപടി സ്വീകരിക്കാൻ അധികാരമില്ല എന്നതാണ്. അായത്, പേരിന് കാണുന്ന റെയ്ഡുകളല്ലാതെ ഭക്ഷ്യ സുരക്ഷാ സംവിധാനം പകുതിയും സങ്കൽപ്പം മാത്രമാണെന്ന് ചുരുക്കം.