കൊവിഡ് : ലോകത്താകെ 15.58 കോടി രോഗികള്‍ ; 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം കേസുകൾ

Jaihind Webdesk
Thursday, May 6, 2021

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അൻപത്തിയെട്ട് ലക്ഷം പിന്നിട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14,000ത്തിലധികം പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 32.54 ലക്ഷം കടന്നു. പതിമൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 3.82 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 34.87 ലക്ഷം പേർ ചികിത്സയിലുണ്ട്.ആകെ മരണം 2.26 ലക്ഷം പിന്നിട്ടു. ജൂൺ പതിനൊന്ന് ആകുമ്പോഴേക്ക് രാജ്യത്ത് കൊവിഡ് മരണം 4.04 ലക്ഷം കടക്കുമെന്നാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ വിദഗ്ദ്ധരുടെ പ്രവചനം.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 40,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.93 ലക്ഷമായി ഉയർന്നു.