ലോക അത്‌ലറ്റിക്ക് മീറ്റിന് നാളെ ഖത്തറിൽ തുടക്കമാകും. ഒക്ടോബർ ആറുവരെ പത്തു ദിവസമാണ് മേള. പുത്തൻ കാഴ്ചകൾക്കാണ് ദോഹ വേദിയൊരുക്കിയിരുക്കുന്നത്.
16 വർഷം ട്രാക്ക് ഭരിച്ച യുസൈൻ ബോൾട്ടിനുശേഷം അത്ലറ്റിക്സിലെ പുതുയുഗപ്പിറവി ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ കാണാം. അടുത്ത വർഷത്തെ ടോക്യോ ഒളിമ്ബിക്സിനുള്ള തയ്യാറെടുപ്പുവേദി കൂടിയാണ് ദോഹ.
ചൂടുകൂടിയ കാലാവസ്ഥയായിരുന്നു ആശങ്ക. യൂറോപ്യൻ രാജ്യങ്ങളിലെ അത്ലീറ്റുകൾക്ക് പ്രത്യേകിച്ചും. എന്നാൽ, ദോഹയിൽ എല്ലാത്തിനും വഴിയുണ്ടായി. അർധരാത്രി മാരത്തണും സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനവും മിക്സഡ് റിലേയുമൊക്കെയാണ് ഈ ലോക മീറ്റിന്‍റെ കാഴ്ചകളാകുക. ട്രാക്കിൽ 24-26 ഡിഗ്രിയായിരിക്കും ചൂട്. രാവിലെ മത്സരങ്ങളില്ല. എല്ലാ മത്സരങ്ങളും വൈകുന്നേരമായിരിക്കും നടക്കുക. വൈകുന്നേരം രണ്ടു ഘട്ടമായാണ് മത്സരങ്ങൾ.
ലോക അത്ലറ്റിക്സിൽ ചരിത്രത്തിൽ ആദ്യമായാണ് അർധരാത്രിയിലെ മാരത്തൺ മത്സരങ്ങൾ. മിക്സഡ് റിലേ ലോക മീറ്റിൽ ആദ്യമാണ്. രാജ്യങ്ങൾക്ക് ടീം സ്പോൺസർമാരുടെ കിറ്റുമായി ഇറങ്ങാനാകുന്നതും ആദ്യം.
ബോൾട്ട് യുഗത്തിനുശേഷമുള്ള ആദ്യ ലോക മീറ്റാണിത്. ബോൾട്ടിന്‍റെ പിൻഗാമിക്കായുള്ള കാത്തിരിപ്പാണ്. സ്പ്രിന്‍റിൽ പ്രതീക്ഷയുള്ള ഒരുപിടി താരങ്ങളുണ്ട്. അമേരിക്കയുടെ നോഹ ലയ്ലസും മൈക്കേൽ നോർമാനുമാണ് ഈ കൂട്ടത്തിലെ പ്രതീക്ഷകൾ. ബ്രിട്ടന്‍റെ ഡിന ആഷെർ സ്മിത്താണ് വനിതകളിലെ താരം. മൂന്നുതവണ യൂറോപ്യൻ ചാമ്പ്യനാണ് ആഷെർ സ്മിത്ത്. കെനിയയുടെ ബിയാട്രീസ് ചെപ്കൊയെച്ച് സ്റ്റീപ്പിൾചേസിൽ പുതിയ സമയം കുറിച്ചേക്കും. ഫീൽഡിൽ ക്യൂബയുടെ യുവാൻ മിഗ്വേൽ എഷെവാരിയയാണ് പ്രമുഖ താരം.
ആതിഥേയരായ ഖത്തറും പ്രതീക്ഷയിലാണ്. ഹൈജമ്ബിൽ മുതാസ് ഇസാ ബാർഷിം ഏറെക്കാലത്തിന് ശേഷമാണ് പിറ്റിൽ എത്തുന്നത്. 400 മീറ്ററിൽ അബ്ദെർ റഹ്മാൻ സാംബയാണ് മറ്റൊരു പ്രതീക്ഷ.
അമേരിക്കയാണ് നിലവിലെ ചാമ്ബ്യൻമാർ. കെനിയ രണ്ടാമതെത്തി. ഇന്ത്യക്ക് ഇക്കുറി 27 അംഗ ടീമാണ്. മലയാളി താരങ്ങളുടെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.