സ്ഥാനക്കയറ്റം നല്‍കുന്നില്ല; മിൽമ പ്ലാന്‍റുകളിൽ ജീവനക്കാരുടെ സമരം: തെക്കന്‍ ജില്ലകള്‍ പാല്‍ ക്ഷാമത്തിലേക്ക്

 

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാന്‍റുകളിൽ ജീവനക്കാരുടെ സമരം. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാന്‍റുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികള്‍ സമരം ചെയ്യുന്നത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും തൊഴിലാളികൾ ഉയർത്തുന്നുണ്ട്.

ഉയർന്ന തസ്തികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗന്‍റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാല്‍ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിന് മാനേജ്മെന്‍റ് അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Comments (0)
Add Comment