വനിതാ കമ്മീഷന്‍ ഓഫീസ് നവീകരണം ; വാഹനം വാങ്ങുന്നതിനും മോടി പിടിപ്പിക്കുന്നതിനും 27.45 ലക്ഷം രൂപ ഖജനാവില്‍ നിന്ന് അനുവദിച്ചു

Jaihind Webdesk
Thursday, June 24, 2021

കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ക്ക് കുറവ് ഇല്ലെങ്കിലും വനിതാ കമ്മീഷന്‍റെ ഓഫീസ് നവീകരണത്തിന് ലക്ഷങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എംസി  ജോസഫൈനിന്‍റെ ഓഫീസ് നവീകരണത്തിനും വാഹനം വാങ്ങുന്നതിനും 27.45 ലക്ഷം രൂപയുടെ ആവശ്യങ്ങളാണ് വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഓഫീസില്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കമ്മീഷന്‍ സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

ഈ മാസം 20  നാണ് ഓഫീസ് നവീകരണം സംബന്ധിച്ച ഉത്തരവ്  സാമൂഹ്യക്ഷേമ വകുപ്പ് പുറത്തിറക്കിയത്. ഏപ്രില്‍ 21 ന് ചേർന്ന വകുപ്പ് തല യോഗത്തിന്‍റെ തീരുമാന പ്രകാരം വനിതാ കമ്മീഷന്‍ സെക്രട്ടറിയാണ് നവീകരണമാവശ്യപ്പെട്ട് കത്ത് നല്‍കിയത്. കമ്മീഷന് നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഓഫീസ് നവീകരണം ആവശ്യമാണെന്നായിരു്ന്നു യോഗത്തിന്‍റെ തീരുമാനം. കമ്മീഷന്‍റെ പ്രവർത്തനങ്ങള്‍ക്ക് മനുഷ്യ വിഭവശേഷി കുറവി ഉണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ നവീകരണത്തിന് 5.45 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക നിർദ്ദേശം സമർപ്പിക്കാനാണ് സാമൂഹ്യ നീതി വകുപ്പിന്‍റെ നിലപാട്. ലാപ്ടോപ്, സ്മാർട്ട്ഫോൺ ഉള്‍പ്പടെയുള്ളവ വാങ്ങാനാണ്  തുക അനുവദിച്ചിരിക്കുന്നത്.  വാഹനം വാങ്ങുന്നതിനടക്കം 27.45 ലക്ഷം രുപയുടെ നിർദ്ദേശങ്ങളാണ് വനിതാ കമ്മീഷന്‍ സർക്കാരിന് സമർപ്പിച്ചിരുന്നത്.

ഇത്രയേറെ സൌകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും കേരളത്തില്‍ സ്ത്രീപീഡനങ്ങളും സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യകളും കൊലപാതകങ്ങളും വർദ്ധിക്കുന്നതിനിടയിലാണ് വാഹനം വാങ്ങുന്നതിനും നവീകരണത്തിനും വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ഉള്‍പ്പടെ 5 അംഗങ്ങളാണ് കമ്മീഷനില്‍ ഉള്ളത്. ഇത്രയും വിപുലമായ സൌകര്യങ്ങള്‍ ഉണ്ടായിട്ടും ഓഫീസില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യപ്പെടുകയാണ്. പരാതി നല്കിയില്ലെങ്കില്‍ അനുഭവിച്ചോളാന്‍ പറയുന്ന ഓഫീസില്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ട് എന്ത് കാര്യമെന്നാണ് പൊതുസമൂഹത്തിന്‍റെ ചോദ്യം.