മതിൽ പൊളിയാതിരിക്കാൻ പതിനെട്ടടവും പയറ്റി സി.പി.എം

Jaihind Webdesk
Monday, December 24, 2018

Women-Wall

വനിതാ മതിലിൽ പങ്കെടുക്കേണ്ട സ്ത്രീകളുടെ എണ്ണത്തെകുറിച്ച് കൃത്യമായ കണക്കാണ് കീഴ്ഘടകങ്ങൾക്ക് പാർട്ടി നൽകിയിരിക്കുന്നത്. വനിതാ മതിലിന് സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

തങ്ങളുടെ നിയന്ത്രണത്തിലുള്ള കുടുംബശ്രീ അംഗങ്ങളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധമായും പങ്കെടുപ്പിക്കാനും കൂടാതെ ഓരോ ബ്രാഞ്ചിൽ നിന്നും നിശ്ചിത എണ്ണം സ്ത്രീകളെയും അണിനിരത്താനുമാണ് കീഴ്ഘടകങ്ങൾക്കുള്ള പാർട്ടി നിർദ്ദേശം.  ജനുവരി ഒന്നിന് അവധിയെടുക്കരുതെന്നാണ് അംഗൻവാടി വർക്കർമാരും, ഹെൽപ്പർമാരും ഉൾപ്പെടെയുള്ളവർക്കുള്ളവർക്ക് നല്‍കിയിരിക്കുന്ന  നിർദേശം.

വനിതാ ഏകോപന സമിതി ജില്ലാ കമ്മറ്റികളുടെ പേരിൽ പാർട്ടി അംഗങ്ങൾ വീടുകളിലെത്തി നോട്ടീസ് വിതരണവും നടത്തുന്നുണ്ട്. തുല്യനീതിയെകുറിച്ചും, ലിംഗ നീതിയെക്കുറിച്ചും പറയുന്ന നോട്ടീസിൽ ഒരു വിഭാഗം നവോത്ഥാന നായകരെ കുറിച്ച് മാത്രമാണ് പരാമർശിക്കുന്നത്. വനിതാ മതിലിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യവും,ഭക്ഷണവും സൗജന്യമാണെന്നും നോട്ടീസുമായി വീടുകളിലെത്തുന്നവർ വാഗ്ദാനം ചെയ്യുന്നു.

പല ഗ്രാമപഞ്ചായത്തുകളിലും പ്രസിഡൻറുമാർ പോലും അറിയാതെ കുടുംബശ്രീ അംഗങ്ങളുടെയും,തൊഴിലുറപ്പ് തൊഴിലാളികളുടെയും യോഗം വിളിച്ചത് വിവാദമായിരുന്നു.അതേ സമയം വനിതാമതിലിലേക്ക് ആരേയും നിർബന്ധിച്ചു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും,പങ്കെടുക്കാത്തവർക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ സംരക്ഷണം നൽകുമെന്നും കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.