പ്രതിഷേധം മറികടന്നില്ല; യുവതികള്‍ മടങ്ങി

Jaihind Webdesk
Friday, October 19, 2018

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികൾ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങി. വീട് വരെ സുരക്ഷയൊരുക്കാമെന്ന പോലീസിന്‍റെ ഉറപ്പിനെ തുടർന്നാണ് യുവതികൾ മടങ്ങാൻ സന്നദ്ധത അറിയിച്ചത്. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് സർക്കാരിനും പോലീസിനും വഴങ്ങേണ്ടി വന്നത്.

രാവിലെ ആറരയോടെയാണ് ഹൈദരാബാദ് സ്വദേശിയായ മോജോ ടി.വി പ്രവർത്തക കവിത ജക്കാലയും കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമയും സന്നിധാനത്തേക്ക് തിരിച്ചത്. ഐ.ജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ 150ലധികം വരുന്ന പോലീസുകാരുടെ സുരക്ഷാവലയത്തിലായിരുന്നു ഇരുവരും. കവിതയെ പോലീസ് യൂണിഫോമിലാണ് സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചത്. ഹെൽമെറ്റും ധരിച്ചിരുന്നു.

മരക്കൂട്ടത്തിൽവെച്ച് വിശ്വാസികൾ ഇവർക്കെതിരെ കല്ലെറിഞ്ഞു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നടപ്പന്തൽ വരെയെത്തിയ യുവതികൾക്ക് നേരെ വഴിനീളെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പതിനെട്ടാം പടിക്ക് താഴെ ശാന്തിമാരും പരികർമികളും പ്രതിഷേധം ശക്തമാക്കിയതോടെ മുന്നോട്ടുപോകാനാകില്ലെന്ന് യുവതികൾക്ക് വ്യക്തമായി. തുടർന്ന് ഇവരെ വനം ഐ.ബിയിലേക്ക് മാറ്റി.

നടപ്പന്തലിൽ വിശ്വാസികളും ശരണം വിളിച്ച് പ്രതിഷേധം തുടർന്നു. ഇതിനിടെ യുവതികൾ ശ്രീകോവിലിന് മുന്നിലെത്തിയാൽ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. നടപ്പന്തലിൽ പ്രതിഷേധിച്ച വിശ്വാസികളോട് ഐ.ജി എസ്.ശ്രീജിത്ത് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിശ്വാസത്തെ തകർക്കാനാകില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഐ.ജി സംസാരിച്ചു. ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി വ്യക്തമാക്കിയതോടെ പോലീസ് അയഞ്ഞു.

തന്ത്രിയുടെ നിലപാടും യുവതികളെ പോലീസ് ധരിപ്പിച്ചതോടെ വീടുവരെ സുരക്ഷ നൽകാമെന്ന ഉറപ്പിൽ ഇരുവരും മടങ്ങുകയായിരുന്നു.

പിന്നീട് ശബരിമല കയറാൻ ശ്രമവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയാണ് മല കയറാൻ എത്തിയത്. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇവരെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.