ഡി.വൈ.എഫ്.ഐയില്‍ വനിതകള്‍ക്ക് മാനസിക പീഡനം, അശ്ലീല സന്ദേശം, അവഗണന; വനിതാ അംഗങ്ങള്‍ രാജിവെച്ചു; പുതിയ വിവാദം

Jaihind Webdesk
Wednesday, June 19, 2019

പത്തനംതിട്ട: ഡി.വൈ.എഫ.ഐയില്‍ നിന്ന് മൂന്ന് വനിതാ അംഗങ്ങള്‍ രാജി വെച്ചു. മാനസിക പീഡനം ഭയന്നാണ് രാജിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഡി.വൈ.എഫ്.ഐയിലെ ചില പ്രവര്‍ത്തകര്‍ ഇവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായി പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നും രാജിവെച്ചവര്‍ ആരോപിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവെച്ചത്. ഷൊര്‍ണൂര്‍ എം എല്‍ എ പികെ ശശിയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ വനിതാ നേതാവ് കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജി വച്ചത് .ശശിയ്‌ക്കെതിരെ പരാതി നല്‍കാനും മറ്റും തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി . മാത്രമല്ല വനിതാ നേതാവിനെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റുമാക്കിയിരുന്നു .

രാത്രി വൈകിയും ദൂര സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കുമ്പോള്‍ പോകാതിരുന്നാല്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നുവെന്നും രാജി കത്തില്‍ പറയുന്നുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.ഐ.എം ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് രാജിയെന്ന് യുവതികള്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും പരാതിയിലുണ്ട്.