തന്നെ അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരായ പരാതിയില്‍ വനിതാകമ്മീഷന് നടപടിയെടുത്തില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്. വ്യക്തിപരമായി അധിക്ഷേപിച്ച എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് തന്നെ വിളിക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ല. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് രമ്യഹരിദാസ് പറഞ്ഞു. പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിജയരാഘവന് രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്.
രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ പരാജയത്തിന് കാരണമായെന്ന് സിപിഎം നേതാവും മന്ത്രിയുമായ എ കെ ബാലന് പറഞ്ഞു. വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇക്കാര്യം പാര്‍ട്ടി സമഗ്രമായി അന്വേഷിക്കുമെന്നും എ കെ ബാലന് പറഞ്ഞു.