കോട്ടയത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Jaihind Webdesk
Sunday, March 24, 2019

കോട്ടയം കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നമ്മയുടെ മകൻ ബിനുരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 10 മണിയോടെയാണ് കാണക്കാരി വിക്ടർ ജോർജ് റോഡിലെ വീട്ടുവളപ്പിൽ വയോധികയായ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. വീടിനു പുറകിലെ വാഴത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് ചിന്നമ്മയുടെ മകൻ ബിനു രാജിനെ കസ്റ്റഡിയിലെടുത്തു. നിരവധി തവണ ബിനുരാജ് ചിന്നമ്മയെ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.

മൃതദേഹത്തിന് സമീപത്തുനിന്ന് കുപ്പിയിൽ നിറച്ച ദ്രാവകം കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.[yop_poll id=2]