യു.കെയില്‍ നിന്നെത്തിയ കൊവിഡ് രോഗി ഡല്‍ഹിയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് കടന്നു ; ആന്ധ്രയിലേക്ക് പോയത് ട്രെയിന്‍ മാർഗം

Jaihind News Bureau
Thursday, December 24, 2020

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ച  യു.കെയില്‍ നിന്നെത്തിയ സ്ത്രീ ഡല്‍ഹിയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് കടന്നു. ആന്ധ്രാപ്രദേശിലേക്ക് ട്രെയിന്‍ മാർഗം എത്തിയ സ്ത്രീയെ അധികൃതർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

ലണ്ടനില്‍ നിന്നെത്തിയ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ ഇവർക്ക് ഉണ്ടായിരുന്നില്ല. ഹോം ക്വാറന്‍റൈന്‍ മതിയെന്ന് അധികൃതർ നിർദേശിച്ചതിനാലാണ് ഡല്‍ഹിയില്‍ നിന്ന് സ്വദേശമായ രാജമേഹന്ദ്രവാരത്തേക്ക് പോയതെന്നാണ് ഇവരുടെ വാദം. ആന്ധ്ര പ്രദേശ് എക്സ്പ്രസിന്‍റെ ഫസ്റ്റ് ക്ലാസ് കോച്ചിലാണ് ഇവർ സഞ്ചരിച്ചതെന്ന് അധികൃതർ പറയുന്നു. ഡല്‍ഹിയില്‍ ഇവരെ സ്വീകരിക്കാനെത്തിയ മകനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യു.കെയില്‍ അധ്യാപികയായ ഇവർ ഡിസംബർ 21 നാണ് ഡല്‍ഹിയിലെത്തിയത്.

അതേസമയം ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയവരില്‍ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇതോടെ ബ്രിട്ടനിൽ നിന്ന് എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും രോഗം സ്ഥിരീകരിച്ചാൽ വൈറസിന്‍റെ സ്വഭാവം കണ്ടെത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ആറ് ലാബുകളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ അപകടകാരിയാണ് കൊറോണ വൈറസിന്‍റെ പുതിയ വകഭേദമെന്നാണ് കണ്ടെത്തല്‍.