ലോക്ഡൗൺ പിൻവലിക്കല്‍: യു.ഡി.എഫിന്‍റെ വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

Jaihind News Bureau
Wednesday, April 8, 2020

Ramesh-Chennithala

ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് യു.ഡി.എഫിന്‍റെ വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര തലത്തിൽ കൊവിഡ്-19 നുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ എംപവർ കമ്മിറ്റി രൂപീകരിക്കണമെന്നും ഗവേഷണങ്ങൾക്കായി സ്പെഷ്യൽ കൊവിഡ് ഫണ്ട് രൂപീകരിക്കണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് യു.ഡി.എഫിന്‍റെ റിപ്പോർട്ടിലുള്ളത്.

ലോക്ക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശാനുസരണം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ കൺവീനറായ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. പത്ത് മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി ജില്ലകളെ നാലായി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകണം നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതെന്നാണ് യു.ഡി.എഫിന്‍റെ നിർദേശം. റാപ്പിഡ് ടെസ്റ്റുകൾ പരമാവധി വർധിപ്പിക്കാനും പകർച്ചവ്യാധി തടയാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളാനും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

ഹൈ റിസ്‌ക്ക് മീഡിയം റിസ്‌ക്ക് പ്രദേശങ്ങളിൽ ലോ റിസ്‌ക്ക് പ്രദേശങ്ങളിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ എങ്ങനെയാണ് അത്യാവശ്യ സർവീസുകളെയും യാത്രകളെയും ക്രമീകരിക്കേണ്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന സാമ്പത്തിക വിഹിതം വർധിപ്പിക്കണമെന്നും സംസ്ഥാനങ്ങളിൽ വായ്പാ പരിധി ഉയർത്തണമെന്നും യു.ഡി.എഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അടിയന്തരമായി ഫിനാൻസ് സ്റ്റെബിലിറ്റി കമ്മീഷൻ രൂപീകരിക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. യു.ഡി.എഫിന്‍റെ വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധി എം.പിക്കും സമർപ്പിച്ചു.