മുത്തം നല്‍കിയും അക്ഷരം എഴുതിപ്പിച്ചും സാന്ത്വനമേകിയും വയനാടിന്‍റെ ഹൃദയം കവര്‍ന്ന് രാഹുല്‍ ഗാന്ധി

ലാളിത്യം എന്ന വാക്കിന്‍റെ പ്രതീകമാവുകയായിരുന്നു വയനാടിന് രാഹുല്‍ ഗാന്ധി. ദുരന്തത്തില്‍ മനസ് നഷ്ടമായ ഒരു ജനതയ്ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുകയായിരുന്നു അദ്ദേഹത്തിന്‍റെ സാമീപ്യവും കരുതല്‍ നിറഞ്ഞ പ്രവര്‍ത്തികളും. പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധിയെ കാണാനും ആശങ്കകള്‍ പങ്കുവെക്കാനുമായി എത്തിയത്. എല്ലാവരുടെയും പരാതികളും ആശങ്കകളും ക്ഷമയോടെ വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു. കൂടെ ചേര്‍ത്തുനിര്‍ത്തിയും ആത്മവിശ്വാസം പകർന്നുനല്‍കിയും ഒപ്പമുണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഒരു ജനതയുടെ പ്രതീക്ഷകൂടിയായി അത്. അർഹമായ സഹായം എല്ലാവര്‍ക്കും നേടിനല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

രാഹുല്‍ ഗാന്ധിയെ കാണാനായി ആബാലവൃദ്ധം ജനങ്ങളാണ് ഒഴുകിയെത്തിയത്. നേതാവിനെ അടുത്തുകണ്ടതിന്‍റെ ആവേശം എല്ലാവര്‍ക്കും. തന്‍റെ അടുക്കലേക്ക് എത്തിയ കുട്ടികളെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. മുത്തം നല്‍കിയും അക്ഷരം എഴുതിച്ചും കുട്ടികളുടെയും മുതിര്‍ന്നവരുടെയുമെല്ലാം പ്രിയങ്കരനായി രാഹുല്‍ ഗാന്ധി.

മമ്പാട് പള്ളിപ്പാടം വില്ലേജിന് സമീപം തന്നെ കാണാൻ കാത്ത് നിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഇപ്പൂട്ടിങ്ങൽ ജി.എം.എൽ.പി സ്കൂളിലെ  LKG വിദ്യാർത്ഥിനിയെ മടിയിലിരുത്തി ഇംഗ്ലീഷ് അക്ഷരമാല എഴുതിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കെല്ലാം അതിശയം.

LKG വിദ്യാര്‍ഥിനിയെ അക്ഷരം എഴുതിപ്പിക്കുന്ന രാഹുല്‍ ഗാന്ധി

വൈത്തിരി സെന്‍റ് ക്ലാരറ്റ് സ്കൂളില്‍ തന്നെ കാണാന്‍ തടിച്ചുകൂടിയവര്‍‍ക്കിടയില്‍ നിന്ന് നിറചിരിയോടെ ഒരു പൂവ് സമ്മാനിച്ച വിദ്യാര്‍ത്ഥിനിക്ക് സ്നേഹചുംബനമായിരുന്നു രാഹുലിന്‍റെ സമ്മാനം. കണ്ടുനിന്നവരുടെയും മനസ് നിറയിച്ചു ഈ രംഗം.

രാഹുല്‍ ഗാന്ധിക്ക് പൂവ് സമ്മാനിക്കുന്ന കുട്ടി

കുട്ടിക്ക് രാഹുല്‍ ഗാന്ധിയുടെ സമ്മാനം

പ്രായഭേദമന്യേ ഏവരുടെയും മനം കവര്‍ന്നാണ് രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലത്തിലെ സന്ദര്‍ശനം തുടരുന്നത്. പ്രിയനേതാവിനെ അടുത്തറിഞ്ഞപ്പോള്‍ ഏവരുടെയും മനസില്‍ ഒന്നുമാത്രം… ഇത്ര സിമ്പിളായിരുന്നോ രാഹുല്‍ !

rahul gandhiWayanad
Comments (0)
Add Comment