മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് സമാപനം

webdesk
Tuesday, January 8, 2019

നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ പാർലമെന്‍റ്സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നലെ ഇരു സഭകളിലും പ്രതിപക്ഷ ബഹളത്തിൽ നടപടികൾ തടസപ്പെട്ടു. നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചതിന് നാല് എം.പിമാരെ സ്പീക്കർ സുമിത്രാ മഹാജൻ സസ്പെൻഡ് ചെയ്തു.

കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ ശബരിമല വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. ബഹളത്തിനിടയിലും ലോക്സഭയിൽ മൂന്നു ബില്ലുകൾ പാസായി. അതേസമയം രാജ്യസഭയിൽ മുത്തലാഖ്, ഹോമിയോപ്പതി ബില്ലുകൾ ചർച്ച ചെയ്യാനായില്ല.

റഫാൽ വിഷയം ഉയർത്തി കോൺഗ്രസും മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ സി.ബി.ഐ കേസെടുത്തത് ചോദ്യംചെയ്ത് സമാജ്‌വാദി
അംഗങ്ങളും ഇരു സഭകളിലും ഇന്നലെ പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ പലതവണ നിര്‍ത്തിവെച്ചു.

ചോദ്യോത്തര വേള തടസപ്പെട്ടതിനെ തുടർന്നാണ് എ.ഐ.എ.ഡി.എം.കെ അംഗങ്ങളായ പി വേണുഗോപാൽ, കെ.എൻ രാമചന്ദ്രൻ, കെ ഗോപാൽ, ടി.ഡി.പി എം.പി എൻ ശിവപ്രസാദ് എന്നിവരെ രണ്ടു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ശൈത്യകാല സമ്മേളനം അവസാനിക്കുമ്പോഴും കേന്ദ്രസർക്കാരിനെ വിടാതെ വേട്ടയാടുന്നത് റഫാൽ വിഷയമാണ്. റഫാൽ ഇടപാടിൽ ജെ.പിസി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്.