തിരുവനന്തപുരം: ഇന്ത്യയിലിപ്പോൾ നിശബ്ദമായി കോൺഗ്രസിന് അനുകൂലമായ കാറ്റ് വീശുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ എംപിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള കുടുംബസംഗമം ജഗതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്തിന്‍റെ മതേതരത്വവും ബഹുസ്വരതയും നഷ്ടപ്പെടും. കഴിഞ്ഞ 10 വർഷമായി ഇന്ത്യയെ ആസൂത്രിതമായി ബിജെപി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് എ.കെ. ആന്‍റണി കുറ്റപ്പെടുത്തി. ബിജെപി ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്ത് ആകണമെന്നും ആന്‍റണി പറഞ്ഞു. പാലോട് രവി, മറിയാമ്മ ഉമ്മൻ, മറിയ ഉമ്മൻ തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.