സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്‍

Jaihind Webdesk
Tuesday, April 30, 2019

തിരുവനന്തപുരം: എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സിപിഎമ്മിനു കഴിയൂ. അതുകൊണ്ടു കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

162 ബൂത്തുകള്‍ ഹൈപ്പര്‍ സെന്‍സിറ്റിവ് ആയി കണക്കാക്കണമെന്ന് തന്റെ ആവശ്യപ്രകാരം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ല. തന്നെ തടഞ്ഞ ബൂത്ത് ഉള്‍പ്പെടെയാണിതെന്ന് മുരളീധരന്‍ പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പി ജയരാജന്റെ സ്വന്തം ബൂത്തില്‍ യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്‍ അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്‍ അറുപത് ബൂത്തുകളില്‍ കള്ളവോട്ടു നടന്നതായാണ് സംശയിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടെണ്ണല്‍ കഴിഞ്ഞായാലും തെളിവു സഹിതം കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരും. ജനവിധി അട്ടിമറിക്കുന്ന നടപടികള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനാണ് ഇത്. ഇപ്പോള്‍ ആരോപണമുയര്‍ന്ന പല ബൂത്തുകളിലും യുഡിഎഫ് പോളിങ ്ഏജന്റുമാരെ ചുമന്നുകൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

താലൂക്ക് മാറുന്നതിന് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് എതിര്, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിനൊപ്പവും അതേസമയം മാഹിയില്‍ കമലഹാസന്റെ പാര്‍ട്ടിക്കൊപ്പവുമാണ്. ജനങ്ങള്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെ കൈവിട്ടെന്ന് മുരളീധരന്‍ പറഞ്ഞു.

ബംഗാളില്‍ സിപിഎമ്മിന് ഒന്നും കിട്ടില്ലെന്നാണ് വാര്‍ത്തകളില്‍നിന്നു മനസിലാവുന്നത്. തൃപുരയില്‍ ഇതാണ് സ്ഥിതി. തമിഴ്‌നാട്ടില്‍ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പമായതിനാല്‍ ചിലപ്പോള്‍ ജയിച്ചേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകൂടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് അവര്‍ വോട്ടു യുഡിഎഫിന് മറിച്ചുനല്‍കുമെന്നു പറഞ്ഞത്. ഇത് നമ്മളൊന്നും പഠിച്ച കണക്കല്ല. ഏതു ശാസ്ത്രമാണെന്നു കോടിയേരിയാണ് പറയേണ്ടത്- മുരളീധരന്‍ പറഞ്ഞു.