‘പൗരത്വ പ്രതിഷേധ’ത്തില്‍ ഉലഞ്ഞ് കേന്ദ്ര സർക്കാർ ; നിയമത്തില്‍ മാറ്റം വരുത്താന്‍ തയാറെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിനിടെ നിലപാട് മയപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയാറാണെന്ന് അമിത് ഷാ പറഞ്ഞു. റാഞ്ചിയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു പൗരത്വ  ബില്ലില്‍ അമിത് ഷായുടെ പ്രതികരണം.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ കനത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. തീവ്ര പ്രക്ഷോഭത്തിനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാന സർക്കാരുകള്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ചിരുന്നു.  ഇതിന്‍റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നിലപാട് മയപ്പെടുത്തല്‍. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും മന്ത്രിമാരും അടങ്ങുന്ന സംഘം പൗരത്വ  ഭേദഗതി ബില്ലില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ക്രിസ്തുമസിന് ശേഷം വന്നു കാണാന്‍ സംഘത്തോട് പറഞ്ഞതായും ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ ജനരോഷമാണ് നിലനില്‍ക്കുന്നത്. ബംഗാളിലെ മൂർഷിദാബാദിൽ റെയിൽവേ സ്റ്റേഷനും ട്രെയിനുകളും പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കി. മൂന്ന് ട്രാൻസ്പോർട്ട് ബസുകൾ അടക്കം 15 ബസുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. അസമിലും മേഘാലയയിലും പ്രതിഷേധം ശക്തമാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി.

amit shahCitizenship Amendment Bill (CAB)
Comments (0)
Add Comment