അടിക്ക് തിരിച്ചടി; ഓസ്കാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്മിത്തിന് 10 വര്‍ഷം വിലക്ക്

Jaihind Webdesk
Saturday, April 9, 2022

 

ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഓസ്‌കാർ വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് നടപടിയുമായി മോഷന്‍ പിക്ചര്‍ അക്കാദമി രംഗത്തെത്തിയിരിക്കുന്നത്.

അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ അല്ലാതെയോ അക്കാദമി പരിപാടികളിലും പങ്കെടുക്കുന്നതിന് 10 വർഷത്തേക്കാണ് വിൽ സ്മിത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അക്കാദമി പ്രസിഡന്‍റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോസ് ആഞ്ചലസിൽ ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം.

ഇത്തവണത്തെ ഓസ്‌കർ അവാർഡ് ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്തിന്‍റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. തന്‍റെ ഭാര്യയുടെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു വിൽ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. മാപ്പ് പറഞ്ഞെങ്കിലും വേദിയിലെ മോശം പെരുമാറ്റത്തിന് സ്മിത്തിനെതിരെ അക്കാദമി നടപടി സ്വീകരിക്കുകയായിരുന്നു.