ആലപ്പുഴയില്‍ മുങ്ങാനില്ലെന്ന് എം.എ ബേബി

Jaihind Webdesk
Saturday, January 26, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ബേബിയെ ആലപ്പുഴയില്‍ നിര്‍ത്തി മത്സരിപ്പിക്കാനായിരുന്നു സി.പി.എം സംസ്ഥാനനേതൃത്വത്തിലുണ്ടായ ഏകദേശ ധാരണ. എന്നാല്‍ മത്സരിക്കാനില്ലെന്ന് ബേബി വ്യക്തമാക്കി.

കഴിഞ്ഞതവണ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരെ മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയത് ഇപ്പോഴും ബേബി മറന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ ‘പരനാറി’ പ്രയോഗമായിരുന്നു ബേബിയുടെ തോല്‍വിക്ക് ഒരു കാരണമായത്. ഇപ്പോള്‍ സി.പി.എമ്മിലെ മൂന്ന് ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴയിലും തന്നെ ‘മുക്കും’ എന്ന് മനസിലാക്കിയാണ് ബേബി മത്സരിക്കാനില്ലെന്ന മുന്‍കൂര്‍ പ്രഖ്യാപനം നടത്തിയത്. ഇതിന് കാരണമായി പറയുന്നത് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് താന്‍ മത്സരിക്കാത്തത് എന്ന ന്യായീകരണമാണ്.

ആലപ്പുഴയിലാകട്ടെ വിഭാഗീയതയുടെ ഓളപ്പരപ്പിലുമാണ് സി.പി.എം. പിണറായിയെ അനുകൂലിക്കുന്ന ജി സുധാകര വിഭാഗവും, യെച്ചൂരിയോട് മമത പുലര്‍ത്തുന്ന തോമസ് ഐസക് വിഭാഗം, ശക്തി ക്ഷയിച്ചെങ്കിലും വി.എസ് വിഭാഗവും ആലപ്പുഴയില്‍ നിര്‍ണായകമാണ്. പാര്‍ട്ടിക്കുള്ളിലെ ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ വീണ്ടും ആലപ്പുഴയില്‍ മത്സരിച്ച് മുങ്ങാനില്ലെന്ന നിലപാടിലാണ് ബേബി സഖാവ്.