ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തന്മാരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്‍റെ ഭീഷണി. ശനിയാഴ്ച ബംഗാളിലെ ഘട്ടാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഭാരതി എത്തിയത്. ഘട്ടാലില്‍ നിന്ന് ജനവിധി തേടുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഭാരതി ഘോഷ്. തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു ഭാരതിയുടെ വിരട്ടല്‍.
‘നിങ്ങളുടെ വേലത്തരങ്ങള്‍ ഇവിടെ വേണ്ട. അത് നിങ്ങളുടെ വീട്ടില്‍ മതി. പിന്നെ ഒളിക്കാന്‍ നിങ്ങള്‍ക്ക് സ്ഥലമുണ്ടാവില്ല. എല്ലാത്തിനെയും വീട്ടില്‍ നിന്ന് വലിച്ച് പുറത്തിട്ട് പട്ടിയെ തല്ലിക്കൊല്ലും പോലെ കൊല്ലും. ഉത്തര്‍പ്രദേശില്‍ നിന്ന് ആളെ ഇറക്കി നിങ്ങളെ പാഠം പഠിപ്പിക്കും’ – ഭാരതി പറഞ്ഞു.
ഭാരതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി മമതാ ബാനര്‍ജി രംഗത്തെത്തി. മര്യാദയുടെ പരിധി ലംഘിക്കരുതെന്നും താങ്കള്‍ക്കെതിരെ സംസാരിക്കാന്‍ എന്‍റെ വാ തുറപ്പിക്കരുതെന്നുമായിരുന്നു മമതയുടെ മുന്നറിയിപ്പ്. ഒരുകാലത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ആളായിരുന്ന ഇവര്‍ ചില വിവാദങ്ങളുടെ പശ്ചാലത്തില്‍ പൊലീസില്‍ നിന്ന് രാജിവെക്കുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു. ഭാരതി ഘോഷിന്‍റെ ഭീഷണി പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം.