ആലപ്പുഴ: പ്രതിസന്ധികളെയും ഗൂഢാലോചനകളെയും അവഗണിച്ച് തനിക്കൊപ്പം നിന്ന കുട്ടനാട് ജനതയോട് നന്ദി പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. കുട്ടനാട്ടിലെ കർഷകർക്കൊപ്പം നിരവധി സമരങ്ങളിൽ കർഷക അവകാശങ്ങൾക്കായി നിലനിന്നിട്ടുണ്ട്. തുടർന്നും താൻ കർഷകരുടെ ആവശ്യങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കുട്ടനാടിനായി നിരവധി കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. കുടിവെള്ളത്തിനായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുക എന്നുള്ളത് തന്‍റെ പ്രഥമ പരിഗണനാ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കരയിൽ തോറ്റുപോകുമെന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോഴും വോട്ടർമാർ തന്നെ കൈവിട്ടില്ല. അവർക്കൊപ്പം താനുണ്ടാകുമെന്നത് അവർക്ക് അറിയാമെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ജനങ്ങൾ തന്നിൽ എൽപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എഐസിസി കോർഡിനേറ്റർ ടോമി കല്ലാനി സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. പാർലമെന്‍റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കോശി എം. കോശി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാർ, ഡിസിസി അംഗങ്ങൾ
തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.