ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകും;പാര്‍ലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദമാകും: രാഹുല്‍

Jaihind Webdesk
Sunday, June 9, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളില്‍ വിശ്വാസമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും വേര്‍തിരിച്ചു കാണുന്ന പ്രധാനമന്ത്രി കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേരളത്തിലെത്തുമ്പോള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പോകുന്ന പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ കേരളത്തെ പരിഗണിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നാഗ്പൂരില്‍ നിന്ന് ഭരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.വയനാട്ടില്‍ റോഡ്ഷോയ്ക്കിടെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ മാത്രമല്ല മറ്റ് പാര്‍ട്ടിക്കാരും തനിക്ക് വോട്ട് ചെയ്തുവെന്ന് തനിക്കറിയാമെന്നും വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ശബ്ദം പാര്‍ലമെന്‍റില്‍ ഉയര്‍ത്തുമെന്നും ഓരോ പൗരനുവേണ്ടിയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്ന് മണിയോടെയാണ് ഈങ്ങാപ്പുഴയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോ തുടങ്ങിയത്. ജനസാഗരമാണ് റോഡിനിരുവശത്തുമായി രാഹുല്‍ ഗാന്ധിയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. അല്‍പസമയത്തിനകം മുക്കത്തും റോഡ്‌ഷോയും സ്വീകരണ പരിപാടികളും നടക്കും. വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ഉച്ചയോടെ അദ്ദേഹം കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

നേരത്തെ കല്‍പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ അദ്ദേഹം തന്നെ ആദ്യമായി കൈകളിലേക്കെടുത്ത വയനാട്ടുകാരിയായ നഴ്സ് രാജമ്മയെയും കുടുംബത്തെയും കണ്ടിരുന്നു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.അനില്‍കുമാര്‍, ടി. സിദ്ദിഖ്, കെ.സി. അബു തുടങ്ങിയ യുഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം റോഡ്ഷോയില്‍ പങ്കെടുക്കുന്നുണ്ട്.