കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം; അഞ്ചുതെങ്ങില്‍ വീടുകളിലേക്ക് വെള്ളം കയറി

 

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആലപ്പുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പടയിടങ്ങളിലും കടൽ കരയിലേക്ക് കയറുകയും ചെയ്തു. അഞ്ചുതെങ്ങിന് സമീപം പൂത്തുറയിൽ ശക്തമായ കടലാക്രമത്തിൽ വീടുകളിലേക്ക് വെള്ളംകയറി.

തൃശൂർ കൊടുങ്ങല്ലൂർ താലൂക്കിൽ കടലാക്രമണം രൂക്ഷമാണ്. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറത്തും എടവിലങ്ങിലെ കാര അറപ്പക്കടവ് , പുതിയറോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രതിഭാസം തുടങ്ങിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് തീരത്തുനിന്ന് വള്ളങ്ങളും മത്സ്യബന്ധ ഉപകരണങ്ങളും നീക്കിയിരുന്നു.

കൊല്ലം തീരമേഖലയിലും കടലാക്രമണമുണ്ടായി. നഗരത്തിലെ മുണ്ടയ്ക്കൽ, വെടിക്കുന്ന്, ഇരവിപുരം പ്രദേശങ്ങളിലും കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലുമാണ് കടൽക്ഷോഭം ഉണ്ടായത്. ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇന്നലെ രാത്രിയോടെ തുടങ്ങിയ കടലാക്രമണം പുലർച്ചെ വരെ തുടർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇന്നലെ പിന്‍വലിച്ചു. പക്ഷേ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

4. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം.

5. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം.

6. കടല്‍ത്തീരത്ത് കിടന്ന് ഉറങ്ങാന്‍ പാടില്ല.

Comments (0)
Add Comment