മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; മയക്കുവെടി വെച്ച് പിടികൂടുമെന്ന് ജില്ലാ കലക്ടർ

വയനാട്: മാനന്തവാടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ  കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് ജില്ലാ കലക്ടർ രേണു രാജ്.  ചതുപ്പ് നിലത്തില്‍ നിന്നും മാറി തുറസ്സായ സ്ഥലത്ത് എത്തിച്ച് മയക്കുവെടിവെക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  ആനയെ പിടികൂടിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്‍റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു.

അടിയന്തര ഘട്ടത്തില്‍ മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മയക്കുവെടിവയ്ക്കാനുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കലക്ടര്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. അതേസമയം ആറ് മണിക്കൂറായി കാട്ടാന ജനവാസ മേഖലയിൽ തുടരുകയാണ്. കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആന ഇന്ന് പുലർച്ചെയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ‘തണ്ണീർ’ എന്ന ആനയാണ് മാനന്തവാടിയിലെത്തിയത്.

Comments (0)
Add Comment