കാട്ടാനയെ മയക്കുവെടിവയ്ക്കാൻ ഉത്തരവ്; പിടികൂടി ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നും ഉത്തരവില്‍

വയനാട്: മാനന്തവാടിയില്‍ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവയ്ക്കാൻ വനം വകുപ്പിന്‍റെ ഉത്തരവ്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന്‍റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ് ആണ് ഉത്തരവിറക്കിയത്.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ രണ്ട് 1 എ പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം ആറ് മണിക്കൂറായി കാട്ടാന ജനവാസ മേഖലയിൽ തുടരുകയാണ്. കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആന ഇന്ന് പുലർച്ചെയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ‘തണ്ണീർ’ എന്ന ആനയാണ് മാനന്തവാടിയിലെത്തിയത്.

 

Comments (0)
Add Comment