ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന. മൂന്നാറിലെ ജനവാസമേഖലയായ സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിലാണ് ആന ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെയാണ് ആന ജനവാസമേഖലയില്‍ ഇറങ്ങിയത്. നേരത്തെ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ ആനയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാന ജനവാസമേഖലയിലെത്തിയത് ജനത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കട്ടക്കൊമ്പനാണ് ഇതെന്നാണ് നിഗമനം. അതേസമയം ഇന്നലെ രാത്രി മുതൽ ‘ഒറ്റക്കൊമ്പൻ’ എന്ന് വിളിക്കുന്ന ആന പ്രദേശത്ത് ഇറങ്ങി ഒരാളെ ആക്രമിച്ചു. നാലേക്കറോളം കൃഷി ആന നശിപ്പിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും ആന ഇറങ്ങിയിരിക്കുന്നത്. നാട്ടുകാർ ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്.