പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് ദാരുണാന്ത്യം. 34 വയസായിരുന്നു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. 2 ആനകൾ അടുത്തേക്ക് വരുന്നത് കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുത്തുള്ള മരക്കൊമ്പിൽ തട്ടി മുകേഷ് നിലത്ത് വീണു. പിന്നാലെ എത്തിയ ആന മുകേഷിന്‍റെ തുടയിൽ ചവിട്ടി പരിക്കേൽപ്പിച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് മുകേഷ് പ്രവർത്തിച്ചു വരുന്നത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ടെസയാണ് ഭാര്യ. കാസർക്കോട് ബന്ധു വീട്ടിലായിരുന്ന ഭാര്യ സംഭവം അറിഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചു. ടെസ ആശുപത്രി യിലെത്തിയശേഷമേ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിക്കു എന്ന് ഡോക്ടർ അറിയിച്ചു.