വയനാട്ടിലെ കാട്ടാന ആക്രമണം; സർക്കാരിന്‍റെ ഭാഗത്ത് ഗുരുതര കൃത്യവിലോപമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: മാനന്തവാടിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാരിന്‍റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണ്.

എന്തെങ്കിലും സംഭവം നടക്കുമ്പോള്‍ മാത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്. ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവമുണ്ടാകുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധം ഇത്രത്തോളം വ്യാപകമാകുന്നത്.

സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വനംവകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് വിലപ്പെട്ട ഒരുജീവൻ കൂടി നഷ്ടപ്പെടാൻ കാരണം. ആന ജീവനെടുത്ത അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിൽ ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Comments (0)
Add Comment