മാനന്തവാടിയെ മുള്‍മുനയില്‍ നിർത്തി കാട്ടാന; സ്കൂളുകള്‍ക്ക് അവധി, ജാഗ്രതാ നിർദ്ദേശം, നിരോധനാജ്ഞ

വയനാട്: മാനന്തവാടി ടൗണില്‍ ഭീതി പരത്തി കാട്ടാനയിറങ്ങി. എടവക പഞ്ചായത്തിലെ പായോടുകുന്നിലാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ രാവിലെ കണ്ടത്. മയക്കുവെടി വെക്കാന്‍ ഒരുക്കങ്ങളുമായി വനംവകുപ്പ്. രാവിലെ പാലും കൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. വനപാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കര്‍ണാടക വനാതിര്‍ത്തിയില്‍ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു തുറന്നുവിട്ട ആനയാകാം ഇതെന്നാണു നിഗമനം.

രാവിലെയാണ് പായോട്കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാന്‍ വനപാലകരും പോലീസും ശ്രമിക്കുന്നുണ്ട്. ആന ശാന്തനായാണ് നിലകൊള്ളുന്നത്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. ആളുകള്‍ മാനന്തവാടി ടൗണില്‍ വരുന്നത് പരമാവധി ഒഴിവാക്കണം. ആനയെ പിന്തുടരുകയോ ദൃശ്യങ്ങൾ എടുക്കുകയോ ചെയ്യരുത്. മാനന്തവാടി ടൗണിലുള്ള സ്‌കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാര്‍ത്ഥികളെ അയക്കരുതെന്ന് മാനന്തവാടി തഹസില്‍ദാരും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ സ്കൂളുകള്‍ക്ക് തഹസില്‍ദാര്‍‍ അവധി നല്‍കി. പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  നിലവില്‍ നഗരത്തോടു ചേര്‍ന്ന വിജനമായ മേഖലയിലെ കൃഷിയിടത്തിലാണ് കാട്ടാനയുള്ളത്.

Comments (0)
Add Comment