തിരുവനന്തപുരം: കണിയാപുരത്ത് ജനവാസമേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു. കണിയാപുരം ടെക്നോസിറ്റിക്ക് സമീപം വെള്ളൂർ വാർഡിൽ ഇറങ്ങിയ കാട്ടുപോത്തിനെയാണ് മയക്കു വെടിവെച്ച് പിടികൂടിയത്. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവെച്ചത്. തുടർന്ന് വിരണ്ടോടിയ പോത്ത് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു.
ഒരു തവണയാണ് മയക്കുവെടിയുതിർത്തത്. കാട്ടുപോത്തിനെ ഇനി വാഹനത്തിൽ കയറ്റി വനത്തിലേക്ക് വിട്ടയക്കാനാണ് തീരുമാനം. കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കും. ഒരാഴ്ചയായി കണിയാപുരത്ത് ജനവാസമേഖലയിലുണ്ടായിരുന്ന കാട്ടുപോത്തിനെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. ഇവിടെ നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള പാലോട് വനമേഖലയില്‍ നിന്നു കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണു കരുതുന്നത്.
ഇന്നലെ പകല്‍ മുഴുവന്‍ കാട്ടുപോത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാട്ടുപോത്തിനെ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി കാല്‍പാടുകള്‍ പരിശോധിച്ചു കാട്ടുപോത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. കാട്ടുപോത്തിന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നായിരുന്നു തിരച്ചില്‍. സുരക്ഷയുടെ ഭാഗമായി കാരമൂട് – സിആര്‍പിഎഫ് റോഡിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു.