വന്യമൃഗ ആക്രമണം, വികാരിക്കെതിരായ ഡിഎഫ്ഒയുടെ അസഭ്യ പ്രയോഗം; വനം വകുപ്പിനെതിരെ പ്രമേയം പാസാക്കി ഇടുക്കി രൂപത

 

ഇടുക്കി: വനം വകുപ്പിനെതിരെ പ്രമേയം പാസാക്കി ഇടുക്കി രൂപത. മൂന്നാറിലുൾപ്പെടെ നടന്ന വന്യമൃഗ ആക്രമണത്തിനെതിരെയും ആനക്കുളം പള്ളി വികാരിയെ ഡിഎഫ്ഒ അസഭ്യം പറഞ്ഞതിനെതിരെയും ആണ് ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കിയത്. ജില്ലയിൽ വനം വകുപ്പ് തുടരുന്ന അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് പലയിടങ്ങളിലും ഉയരുന്നത്. വിഷയത്തിൽ ഡീൽ കുര്യാക്കോസ് എംപി മൂന്നാറിൽ അനിശ്ചിതകാല നിരാഹാരം തുടരുന്നതിനിടെയാണ് പ്രതിഷേധ നടപടിയുമായി സഭയും രംഗത്തെത്തിയത്.

മൂന്നാറിലുൾപ്പെടെ നടന്ന വന്യമൃഗ ആക്രമണത്തിനെതിരെയും ആനക്കുളം പള്ളി വികാരിയെ ഡിഎഫ്ഒ അസഭ്യം പറഞ്ഞതിനെതിരെയും ആണ് ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കിയത്. മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ദുഃഖകരമാണെന്നും വിഷയത്തിൽ വനം വകുപ്പ് തുടരുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.

വന്യമൃഗങ്ങളിൽ നിന്നും മലയോര ജനതയെ രക്ഷിക്കുവാൻ വാഗ്ദാനങ്ങൾക്ക് അപ്പുറം നിയമങ്ങൾ ഉണ്ടാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വിഷയം പരിഹരിച്ചില്ലെങ്കിൽ സഭയും സമരമുഖത്ത് സജീവമാകുമെന്നും പ്രമേയത്തിൽ പറയുന്നു. അതോടൊപ്പം മാങ്കുളം ആനക്കുളത്ത് പെരുന്നാൾ പ്രദക്ഷിണത്തിനിടെ പള്ളി വികാരിയെ ഡിഎഫ്ഒ ഫോണിലൂടെ അസഭ്യം പറഞ്ഞതിലും തുടർന്ന് ഇടവക സമൂഹം പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ അതിൽ 13 പേർക്കെതിരെ കേസ് എടുത്തതിനെതിരെയും പ്രമേയം പരാമർശിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ സമൂഹത്തിലെ സമാധാനം തകർക്കുകയും ക്രമസമാധാന വീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നും അതിനാൽ ഉദ്യോഗസ്ഥർ അനാവശ്യ പ്രകോപന നടപടികളിൽ നിന്ന് പിന്മാറണമെന്നും രൂപത ആവശ്യപ്പെടുന്നു.

ഇടുക്കി രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാദർ ജിൻസ് കാരയ്ക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടുക്കി രൂപത കാര്യത്തിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജോസ് പ്ലാച്ചിക്കൽ, അബ്രഹാം പുറയാട്ട്, ജോസ് കരിവേലിക്കൽ തുടങ്ങി നിരവധി വൈദികർ യോഗത്തിൽ സംസാരിച്ചു.

Comments (0)
Add Comment