കോട്ടയത്തെ ദുരഭിമാന കൊലയിൽ കെവിന്‍റെ ഭാര്യ നീനുവിന്‍റെ വിസ്താരം ഇന്ന്‌

Jaihind Webdesk
Thursday, May 2, 2019

കെവിൻ കൊലക്കേസിൽ നീനുവിന്‍റെ വിസ്താരം ഇന്ന് നടക്കും. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയിൽ ആവർത്തിച്ചേക്കും. കേസിലെ മുഖ്യ സാക്ഷി അനീഷിന്റെ ബന്ധുക്കൾ ദുരഭിമാനക്കൊലയാണ് നടന്നതെന്ന് മൊഴി നൽകിയിരുന്നു.

കെവിൻ കൊലക്കേസിൽ വാദം ഇന്നും തുടരും. കെവിൻറെ ഭാര്യ നീനുവിനെ ഇന്ന് വിസ്തരിക്കും.  കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്നും കൊലപാതകത്തിന് കാരണം പോലീസിന്റെ വീഴ്ചയാണെന്നുമുള്ള മൊഴി നീനു കോടതിയിൽ ആവർത്തിച്ചേക്കും. മുഖ്യ സാക്ഷി അനീഷ് ഉൾപ്പെടെയുള്ളവരുടെ വിസ്താരം കഴിഞ്ഞിരുന്നു. അതേസമയം ചില നാടകീയ രംഗങ്ങളും അരങ്ങേറി. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ ഇരുപത്തിയാറാം സാക്ഷി ലിജോക്കെതിരെ പ്രതികളിലൊരാൾ കോടതിക്കുള്ളിൽ വച്ച് വധഭീഷണി മുഴക്കി. നാലാം പ്രതിയെ തിരിച്ചുറിയുന്നതിനിടയിൽ തൊട്ടടുത്ത് നിന്ന എട്ടാം പ്രതിയാണ് ആംഗ്യത്തിലൂടെ ഭീഷണിപ്പെടുത്തിയത്.

സംഭവത്തിൽ കോടതി താക്കീത് നൽകുകയും നിയമനടപടികളുമായി മുന്നോട്ടു പോകുവാനും നിർദേശിച്ചു. പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയ അബിൻ കൂറുമാറുകയും ചെയ്തു. മൊഴി നൽകിയത് പോലീസ് ഭീഷണിപ്പെടുത്തിയത് മൂലമെന്നായിരുന്നു അബിൻ കോടതിയിൽ പറഞ്ഞത്.

താഴ്ന്ന ജാതിയിൽപ്പെട്ട ആളായതിനാൽ സഹോദരിയുമായി വിവാഹം അനുവദിക്കില്ലെന്ന് മുഖ്യപ്രതി പറഞ്ഞതായി മൂന്നാം സാക്ഷിയും കഴിഞ്ഞദിവസം മൊഴിനൽകി. പ്രതികൾ താമസിക്കാൻ ആദ്യം എത്തിയ ഹോട്ടലിന്റെ മാനേജർ റോയിയും ഷാനുവിനെ തിരിച്ചറിഞ്ഞു. ജൂൺ 6 വരെയാണ് തുടർച്ചയായി കേസിൽ വാദം നടക്കുക.