ഫുഡ്ബോള്‍ മത്സരത്തിനു ശേഷം വ്യാപക അക്രമങ്ങള്‍; പോലീസുകാര്‍ക്ക് മര്‍ദ്ദനം

Jaihind Webdesk
Monday, December 19, 2022

കൊച്ചി: ലോകകപ്പ് ഫുഡ്ബോള്‍ മത്സരത്തിനു ശേഷം കേരളത്തില്‍ വ്യാപക അക്രമങ്ങള്‍. നിരവധി ആരാധകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. പല സ്ഥലങ്ങളിലും  പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമര്‍ദ്ദനം. കൊച്ചി കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത  പൊലീസുകാരെ ആരാധകര്‍ ക്രൂരമായി മർദിച്ചു.  ഉദ്യോഗസ്ഥരെ മർദിക്കുകയും കാലിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. എറണാകുളം നോർത്ത് സ്റ്റേഷനിലെ സിപിഒമാരായ ലിപിൻരാജ്, വിപിൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലശ്ശേരിയില്‍  ആഘോഷത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക്  മർദ്ദനമേറ്റത്. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത് മറ്റൊരു ആക്രമണത്തിലും തലശ്ശേരിയില്‍ പോലീസ് ഉദ്യോഗസ്ഥനു മര്‍ദ്ദനമേറ്റിട്ടുണ്ട്.

തിരുവനന്തപുരത്തും ആരാധകര്‍ അക്രമ അന്തരീക്ഷമുണ്ടാക്കുകയും പോലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തു.  പൊഴിയൂരിൽ  മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. രാത്രി പതിനൊന്നര മണിയോടെ  മദ്യപിച്ചെത്തിയ യുവാക്കള്‍ പ്രശ്നമുണ്ടാക്കിയ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്. പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പാറശാശാല പോലീസ് കസ്റ്റഡിയിലെടുത്തു.  പൊഴിയൂർ എസ്.ഐ സജിയെ  പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.