‘ഗാന്ധിജിയെ ലോകം അറിഞ്ഞത് റിച്ചഡ് ആറ്റൻ ബറോയുടെ സിനിമയ്ക്ക് ശേഷം’; മോദിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

 

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ അവഹേളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക പ്രതിഷേധം. ഗാന്ധിജിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമയ്ക്ക് ശേഷമെന്നായിരുന്നു മോദിയുടെ പരാമർശം. മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. ഗാന്ധി പൈതൃകം നശിപ്പിച്ചത് മോദിയെന്ന് കോൺഗ്രസ് വിമർശിച്ചു.

മോദിയുടെ ഈ പരാമർശമാണ് വിവാദമായത്. 1982 ല്‍ റിച്ചഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമ ഇറങ്ങുന്നത് വരെ ലോകത്തിന് ഗാന്ധിയെ അറിയില്ലായിരുന്നുവെന്നാണ് മോദിയുടെ പരാമർശം. ലോകം മുഴുവൻ സന്ദർശിച്ച ശേഷമാണ് തന്‍റെ ഈ വിലയിരുത്തൽ എന്നും പ്രധാനമന്ത്രി പറയുന്നു. ഗാന്ധിക്ക് വേണ്ടത്ര സ്വീകാര്യത ഉണ്ടായില്ലെന്നും മോദി വ്യക്തമാക്കി. അതേസമയം നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കാലാവധി പൂർത്തിയാക്കി പുറത്തു പോകാനിരിക്കുന്ന പ്രധാനമന്ത്രി മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

അതേസമയം ഗാന്ധിജിക്കെതിരായ മോദിയുടെ പരാമർശം പൊതു സമൂഹവും ഏറ്റെടുത്തു. 1930 ലെ മാൻ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ഗാന്ധിജിയെയാണ്. ആൽബർട്ട് ഐൻസ്റ്റീനെ പോലുള്ളവർ ഗാന്ധിജിയെ ആരാധിച്ചിരുന്നു. കൗമാരത്തിൽ നാസി തടങ്കൽ പാളയത്തിൽ മരിച്ച ജൂത പെൺകുട്ടിയുടെ ഡയറിക്കുറിപ്പിലും ഗാന്ധിജിയുണ്ട് . ലോക്‌സഭ ലൈബ്രറിയിൽ അദ്ദേഹത്തെ കുറിച്ച് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച രണ്ടായിരത്തോളം ലേഖനങ്ങൾ ഉണ്ടെന്നും അതാണ് ഗാന്ധിജിയുടെ മഹത്വമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Comments (0)
Add Comment